SignIn
Kerala Kaumudi Online
Saturday, 03 October 2026 3.10 AM IST

അല്പശി ഉത്സവത്തിന് 11ന് കൊടിയേറ്റ് വൈകിട്ട് നവരാത്രി വിഗ്രഹങ്ങൾക്ക് വരവേല്പ് മണ്ണുനീർ കോരൽ 5ന്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം 11ന് കൊടിയേറും. അന്ന് വൈകിട്ട് നവരാത്രി ആഘോഷത്തിനുള്ള വിഗ്രഹ ഘോഷയാത്ര പദ്മനാഭപുരത്തുനിന്ന് ശ്രീ പദ്നാഭസ്വാമി ക്ഷേത്രത്തിലെത്തും. അപൂർവമായാണ് രണ്ട് ആഘോഷങ്ങളും ഒന്നിച്ച് നടക്കുന്നത്. കൊടിയേറുന്ന രാത്രിയാണ് നവരാത്രി മണ്ഡപത്തിൽ പൂജവയ്പും. അല്പശി ഉത്സവത്തിന്റെ ഭാഗമായുള്ള മണ്ണുനീർ കോരൽ 5ന് വൈകിട്ട് പടിഞ്ഞാറെ നടയിലെ മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽ നടക്കും. 6 മുതൽ 9 വരെ താന്ത്രികക്രിയകൾ. 10ന് ബ്രഹ്മകലശം.11ന് രാവിലെ 8.30നും 9നും മദ്ധ്യേ കൊടിയേറ്റ്. പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികൾ തയ്യാറാക്കുന്ന കൊടിക്കയർ നേരത്തെ ക്ഷേത്രത്തിലെത്തിക്കും. 18ന് രാത്രി ശീവേലി എഴുന്നള്ളത്തിൽ വലിയകാണിക്ക. ദുർഗാഷ്ടമി നാളായ 19ന് പള്ളിവേട്ട. രാത്രി 8.30ന് പദ്മവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലേക്ക് എഴുന്നള്ളത്ത്. മഹാനവമി ദിനമായ 20ന് ശംഖുംമുഖത്ത് ആറാട്ട്. 21ന് ആറാട്ട് കലശത്തോടുകൂടി ഉത്സവം സമാപിക്കും.
ഉത്സവദിവസങ്ങളിൽ പതിവ് ദർശന സമയത്തിൽ മാറ്റമുണ്ടാകും. ആറാട്ട് ദിവസം വൈകിട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം ഉണ്ടാകില്ല. കിഴക്കേനടയിലെ നാടകപ്പുരയിൽ രാത്രി 10ന് കഥകളിയും വടക്കേനടയിലും മറ്റ് മണ്ഡപങ്ങളിലും ക്ഷേത്രകലകളും നൃത്തങ്ങളും നടക്കും.

മുന്നൂറ്രിനങ്ക 8ന് പുറപ്പെടും

ഉടവാൾ കൈമാറ്റം 9ന്

നവരാത്രി ആഘോഷത്തിനായി പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ട് സരസ്വതിദേവീ വിഗ്രഹം ആനപ്പുറത്തും പല്ലക്കുകളിൽ ശുചീന്ദ്രത്ത് നിന്ന് ശുചീന്ദ്രം ദേവീ (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലിൽ നിന്ന് കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും എഴുന്നള്ളിക്കുന്നത്.
മുന്നൂറ്റിനങ്ക വിഗ്രഹ ഘോഷയാത്ര 8ന് പുറപ്പെട്ട് 9ന് പദ്മനാഭപുരത്തെത്തും. കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയുമായി ഘോഷയാത്ര 9ന് പുലർച്ചെ കുമാരകോവിലിൽ നിന്ന് കൊട്ടാര വളപ്പിലെത്തും. അവിടെ ഉപ്പരിക്കമാളികയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ കൈമാറി വിഗ്രഹഘോഷയാത്ര ആരംഭിക്കും.


9ന് രാത്രി തമിഴ്നാട് കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ വിഗ്രഹങ്ങളെ ഇറക്കിപൂജ നടത്തും.10ന് കഴിത്തുറ മഹാദേവക്ഷേത്രത്തിൽ നിന്ന് യാത്രതിരിച്ച് ഉച്ചയ്ക്ക് 12ഓടെ കളിയിക്കാവിളയിൽ എത്തുമ്പോൾ സംസ്ഥാന സർക്കാർ സ്വീകരണം നൽകും. തുടർന്ന് പാറശാല മഹാദേവക്ഷേത്രത്തിൽ വിഗ്രഹങ്ങളിറക്കി പൂജ. ശേഷം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിച്ചേരും.11ന് അവിടെനിന്ന് പുറപ്പെട്ട് വൈകിട്ട് 4ന് കരമന ആവണി അമ്മൻകോവിലിലെ പൂജയ്ക്ക് ശേഷം വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് തിരിക്കും.
സരസ്വതിദേവിയും ഉടവാളും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള നവരാത്രി മണ്ഡപത്തിലും ശുചീന്ദ്രം ദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും ആര്യശാലാദേവീ ക്ഷേത്രത്തിലുമായി ഒക്ടോബർ 21 വരെ കുടിയിരുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL