SignIn
Kerala Kaumudi Online
Saturday, 03 October 2026 2.50 AM IST

അമ്മത്തൊട്ടിലിന്റെ പ്രവർത്തനം പുനരാരംഭിക്കും

ഇടുക്കി: കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ. ജില്ലാ ശിശുക്ഷേമ സമിതിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.ഡി.എം. കുട്ടികളെ ക്രിയാത്മകമായ മേഖലകളിലേക്കും കായിക പ്രവർത്തനങ്ങളിലേക്കും വഴി തിരിച്ചുവിടണം. മൊബൈലിന്റെ അധിക ഉപയോഗത്തിൽ നിന്നു കുട്ടികളെ ജാഗ്രതയോടെ നേർവഴിക്ക് നയിക്കണം. ഇടുക്കിയിലെ അമ്മത്തൊട്ടിലിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. അമ്മത്തൊട്ടിലിന്റെ അറ്റകുറ്റപ്പണിക്കൾക്കായി ത്രിതല പഞ്ചായത്തുകളുടെയും എം.പി, എംഎൽഎമാരുടെയും സഹകരണത്തോടെ നവീകരിച്ച് പ്രവർത്തനം പുനരാരംഭിക്കും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തും. ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളും സംഘടിപ്പിക്കും. പോസ്‌കോ കേസിൽ ശിക്ഷിക്കപ്പെടുന്ന പ്രതികളെ നാടുകടത്തുന്നത് സംബന്ധിച്ച നടപടികൾക്കായി ജുഡീഷ്യൽ കമ്മീഷനു മുൻപാകെ ശുപാർശ സമർപ്പിക്കും. തോട്ടം മേഖലകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതും സ്‌കൂളിൽ വിടാതിരിക്കുകയും ചെയ്യുന്നത് തടയുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്തുകൾക്കും പ്ലാന്റേഷൻ ഇൻസ്‌പെക്ടർക്കും നിർദേശം നൽകും.

 വിപുലമായ പരിപാടികൾ

എക്‌സൈസ്, വിദ്യാഭ്യാസം, എന്നീ വകുപ്പുകളുമായി സഹകരിച്ച് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം കുട്ടികൾക്ക് ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി ശിശുദിന ആഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിക്കും. ജില്ലയിലെ അങ്കണവാടി കുട്ടികൾക്കായുള്ള കലോത്സവം ദിനാഘോഷത്തിന്റെ ഭാഗമായി നടത്തും. കൂടാതെ സാഹിത്യ, ചിത്രരചനാ ക്യാമ്പുകൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. 2026 - 2027 ലെ പദ്ധതികൾക്കായി ആകെ 1478355 രൂപയുടെ ബഡ്ജറ്റിന് യോഗം അംഗീകാരം നൽകി. 2025 - 2026 വർഷത്തെ വാർഷിക പദ്ധതി അംഗീകാരവും ഭാവി പരിപാടികളുടെ ആസൂത്രണം സംബന്ധിച്ച ചർച്ചകളും യോഗത്തിൽ നടന്നു. ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ്, വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ, ട്രഷറർ പി. രവി, സമിതി അംഗങ്ങളായ കെ.ജി സത്യൻ,​ കെ,​എം ജലാലുദ്ദീൻ,​ കെ,​ആർ ജനാർദ്ദനൻ,​ പ്രഭാ തങ്കച്ചൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL