
വിതുര: കൃത്യസമയം നോക്കി ജോലിചെയ്യുന്നവർ വിതുര ഇലക്ട്രിക്സിറ്റി ജീവനക്കാരെ കണ്ട് പഠിക്കണം.ഇവർക്ക് പകലെന്നോ, രാത്രിയെന്നോ ഇല്ല. കനത്ത മഴപെയ്താലും, ശക്തമായ കാറ്റ് വീശിയാലും കൂരിരുട്ടായാലും ഇവർ ജോലിയിൽ കർമ്മനിരതരാകും. മാത്രമല്ല ഡ്യൂട്ടി സമയം കഴിഞ്ഞാലും ഇവർ ജോലിയിൽ വ്യാപൃതരാകാറുണ്ട്. സാധാരണ മേഖലയിൽ രാത്രികാലങ്ങളിൽ വൈദ്യുതിവിതരണം നിലച്ചാൽ പിറ്റേദിവസമാണ് പുനഃസ്ഥാപിക്കാറുള്ളത്.
അടുത്തിടെയായി വിതുര, തൊളിക്കോട് മേഖലയിൽ അടിക്കടി വൈദ്യുതിവിതരണം നിലയ്ക്കുന്നത് പതിവാണ്. ഇതിനിടയിലാണ് പവർകട്ട് കൂടി ഏർപ്പെടുത്തിയത്. വൈദ്യുതി ഓഫീസിൽ പരാതിക്കാരുടെ പ്രളയവുമാണ്. കഴിഞ്ഞ ദിവസം പെയ്തശക്തമായ മഴയേയും വീശിയടിച്ചകാറ്റിനേയും തുടർന്ന് രാത്രി പത്തരയോടെ കല്ലാറിൽ മരം വീണ് വൈദ്യുതകേബിൾ പൊട്ടി വീണു.ഇതോടെ കല്ലാർ പൊൻമുടി മേഖലയിൽ മണിക്കൂറോളം വൈദ്യുതി വിതരണം മുടങ്ങി. വിവരം അറിയിച്ചതിനെ തുടർന്ന് വിതുര ഇലക്ട്രിക്സിറ്റി ഓഫീസിൽ നിന്നും ഉടൻ ജീവനക്കാർ സ്ഥലത്തെത്തി. പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് മൂന്ന് മണിക്കൂർ അക്ഷീണം പ്രയത്നിച്ച് രാത്രി ഒന്നരമണിയോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |