
തിരുവനന്തപുരം: കിള്ളിപ്പാലം ശ്രീ നർമ്മദേശ്വര ശിവക്ഷേത്രത്തിൽ ശ്രീകോവിലിൽ വച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടിച്ച പ്രതി പിടിയിൽ. ഒറീസ സ്വദേശിയായ മൊഗേഷ് ഗോറെയാണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ 1ഓടെയായിരുന്നു മോഷണം. കിള്ളിപ്പാലം ചെമ്പുപണിപ്പുരയ്ക്ക് സമീപമുള്ള ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് ഏകദേശം 25,000 രൂപയോളം പ്രതി കവർന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.സി.സി ടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഫോർട്ട്,തമ്പാനൂർ,പൂജപ്പുര,തൃശൂർ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ആറോളം മോഷണക്കേസുകളിലും,തമിഴ്നാട്ടിലെ വിവിധ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.ഫോർട്ട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും,വിവരമറിഞ്ഞ പ്രതി ട്രെയിൻ മാർഗം അസാമിലേക്ക് കടക്കാൻ ശ്രമിച്ചു.തുടർന്ന് പൊലീസ് സംഘം പ്രതിയെ പിന്തുടർന്ന് കൊല്ലം ഈസ്റ്റിൽ വച്ച് സാഹസികമായി പിടികൂടുകയായിരുന്നു.
ഫോർട്ട് സി.ഐ ആർ.എസ്.ശ്രീകാന്ത്,എസ്.ഐ ജഗ്മോഹൻ ദത്തൻ,കൃഷ്ണമോഹൻ,ജോസ്ബിൻ രാജ്,സീനിയർ സി.പി.ഒ റഷീദ്,ഷൈജു,ലിപിൻ രാജ്, സി.പി.ഒമാരായ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |