വിതുര: വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ, പേരയത്തുപാറ,ചേന്നൻപാറ മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാത നിറയെ അമ്പതോളം നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. ചാരുപാറ,പേരയത്തുപാറ മേഖലയിൽ മാലിന്യനിക്ഷേപവും രൂക്ഷമാണ്. മാലിന്യം കുമിഞ്ഞുകൂടികിടക്കുന്ന മേഖലകളിൽ നായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി വളർത്തുന്നതായും പരാതിയുണ്ട്. രാത്രിയിൽ മേഖലയിൽ തെരുവ്നായ്ക്കളെ കൊണ്ടിറക്കുന്നുമുണ്ട്.
ചാരുപാറയിലാണ് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളെ ആക്രമിക്കുകയും സ്കൂളിലേക്കും നായ്ക്കൾ അതിക്രമിച്ചുകയറുന്നുമുണ്ട്. വിതുര ഗവ.യു.പി.എസ്, ഹൈസ്കൂൾ,തൊളിക്കോട് യു.പി.എസ്, തൊളിക്കോട് ഹൈസ്കൂൾ,ചായം എൽ.പി.എസ്,ചായം ഓൾസെയിൻസ് എന്നി സ്കൂളുകളിലേക്കും ധാരാളം വിദ്യാർത്ഥികൾ ഇതുവഴി കടന്നുപോകുന്നുണ്ട്. തെരുവുനായ് ശല്യത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ ദീപാ സി.നായരും മാനേജർ അഡ്വ.എൽ.ബീനയും വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ പരാതി നൽകി.
4 പൊലീസുകാർക്ക് പരിക്ക്
പൊൻമുടി പാതയിൽ പേരയത്തുപാറ റോഡിൽ തെരുവ് നായ്ക്കൾ ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിൽ 4പൊലീസുകാർക്ക് പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച അരുവിക്കര എസ്.ഐക്കും വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കുമാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.മേഖലയിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകി വളർത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് വിതുര എസ്.ഐ വൈശാഖ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |