
തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ്,വെട്ടുകാട് തിരുനാൾ എന്നിവ പ്രമാണിച്ച് ഇരു ആരാധനാലയങ്ങളിലേക്കും കെ.എസ്.ആർ.ടി.സി 45 സ്‌പെഷ്യൽ സർവീസുകൾ നടത്തുമെന്ന് മന്ത്രി സി.പി ജോൺ പറഞ്ഞു.ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി തൈക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബീമാപ്പള്ളിയിലേക്ക് 20 ബസുകൾ സർവീസ് നടത്തും.കഴിഞ്ഞവർഷം 14 സർവീസുകളാണ് നടത്തിയിരുന്നത്.വെട്ടുകാട് പള്ളിയിലേക്ക് ഇക്കുറി 25 സ്‌പെഷ്യൽ സർവീസുണ്ടാകും.കഴിഞ്ഞവർഷം 18 സർവീസാണുണ്ടായിരുന്നത്.
കിഴക്കേക്കോട്ട,ഈഞ്ചയ്ക്കൽ,വള്ളക്കടവ്,കല്ലുമൂട് എന്നീ റൂട്ടുകളിലൂടെയാണ് ബീമാപ്പള്ളിയിലേക്ക് സർവീസ്.കിഴക്കേക്കോട്ട,പാളയം,വലിയതുറ റൂട്ടുകളിലൂടെയാണ് വെട്ടുകാട് പള്ളിയിലേക്ക് സർവീസ്.ബീമാപ്പള്ളിയിലും വെട്ടുകാട് പള്ളിയിലും താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസും സജ്ജീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേടായ വൈദ്യുതി വിളക്കുകൾ മാറ്റി പുതിയവ പ്രകാശിപ്പിക്കുന്നതിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കും,റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി.ശുദ്ധജല വിതരണം,മാലിന്യ സംസ്‌കരണം,സെപ്‌റ്റേജ് ക്ലീനിംഗ് എന്നിവ ഉറപ്പുവരുത്തും.ഇരുതീർത്ഥാടന കേന്ദ്രങ്ങളിലേക്കും എത്തുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമകേന്ദ്രങ്ങൾ ഒരുക്കും.പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് പുറമെ, 24 മണിക്കൂറും വോളന്റിയർമാരുടെ സേവനം ഉപയോഗപ്പെടുത്തും. ഇരുചക്രവാഹനങ്ങളിൽ റാലി നടത്തുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നും ഇക്കാര്യത്തിൽ ബോധവത്കരണം നടത്തുന്നതിനായി പള്ളികളിൽ അനൗൺസ്‌മെന്റ് നടത്തണമെന്നും മന്ത്രി നിർദേശിച്ചു.ആരോഗ്യവിഭാഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കും.
വെട്ടുകാട് തിരുനാളിനോട് അനുബന്ധിച്ച് എയർ ക്രാഫ്ടിൽ പുഷ്പവൃഷ്ടി നടത്താനുള്ള അനുവാദം നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.പൊലീസ് ഒരുക്കുന്ന പാർക്കിംഗിന് പുറമെ, സമീപത്തെ വീട്ടുടമസ്ഥരിൽ നിന്ന് പാർക്കിംഗിനുള്ള സമ്മതം തേടണമെന്നും മന്ത്രി നിർദേശിച്ചു.
മേയർ വി.വി.രാജേഷ്,കൗൺസിലർ കിൻസി ഐവിൻ,ഇരു ആരാധനാലയങ്ങളുടെയും ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |