കുന്നംകുളം: ഒരാൾ ചാടി... മറ്റൊരാൾ എറിഞ്ഞു... രണ്ടുപേർക്കും സ്വർണം! മക്കളുടെ കായികമികവിന് പിന്നിൽ അച്ഛന്റെ വർഷങ്ങളായുള്ള അധ്വാനത്തിന്റെ കരുത്തുണ്ട്. സീനിയർ പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ വി.എം. അശ്വതി സ്വർണം നേടിയപ്പോൾ സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ സഹോദരി ആരതിയും ഒന്നാം സ്ഥാനം സ്വന്തമാക്കി. ജില്ലാതല മത്സരത്തിൽ ലോംഗ് ജമ്പിൽ അശ്വതിയുടെ അഞ്ചാം സ്വർണമാണ് ഇത്തവണത്തേത്. കുന്നംകുളത്ത് 5.38 മീറ്റർ ചാടിയാണ് അശ്വതി സ്വർണത്തിലെത്തിയത്. സ്വന്തം മികച്ച പ്രകടനമായ 5.82 മീറ്ററിനടുത്തെത്താൻ കഴിഞ്ഞില്ലെങ്കിലും ഒന്നാം സ്ഥാനത്തിന് ഇക്കുറിയും മാറ്റമുണ്ടായില്ല.
ഓട്ടോ ഡ്രൈവറായ അച്ഛൻ മനോജിന്റെ കഠിനാധ്വാനവും മക്കളുടെ കായികസ്വപ്നങ്ങൾക്ക് നൽകുന്ന പിന്തുണയുമാണ് ഇവരുടെ വിജയത്തിന് പിന്നിലെ കരുത്ത്. തൃശൂർ കാൽഡിയൻ സിറിയൻ സ്‌കൂളിൽ പഠിച്ചിരുന്ന അശ്വതി ലോംഗ് ജമ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് നാട്ടിക ഫിഷറീസ് സ്‌കൂളിലേക്ക് മാറിയത്. ട്രിപ്പിൾ ജമ്പിലും 400 മീറ്റർ ഹർഡിൽസിലും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അശ്വതി. നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിദ്യാർഥിനിയായ സഹോദരി ആരതി സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിലാണ് ഒന്നാമതെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |