കൊല്ലം: വിജയത്തിലേക്ക് ഓടിക്കയറുമ്പോൾ അപ്രതീക്ഷിത വീഴ്ച, കൈക്കും കാലിനും പരിക്ക്, ഏതൊരു കായികതാരവും തളർന്നുപോകുന്ന നിമിഷം. എന്നാൽ കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ആൻ മരിയ ജോൺ തന്റെ ഇച്ഛാശക്തികൊണ്ട് മറികടന്നപ്പോൾ ഇരട്ട സ്വർണനേട്ടം.
നൂറ് മീറ്റർ ഓട്ടത്തിനിടെ ഫിനിഷിംഗ് പോയിന്റിൽ വീണ് കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. എന്നാൽ തളരാൻ ഈ മിടുക്കി തയ്യാറായില്ല. വേദന കടിച്ചമർത്തിയാണ് താരം സീനിയർ ലോംഗ് ജംപിൽ ഇറങ്ങിയത്. നൂറ് മീറ്ററിൽ 12.66 സെക്കൻഡിൽ സ്വർണം നേടിയ ആൻ മരിയ ലോംഗ് ജംപിൽ 4.47 മീറ്റർ ചാടി തന്റെ ഇരട്ട സ്വർണനേട്ടം പൂർത്തിയാക്കി.
കണ്ണൂർ ചുഴലി മടുക്ക കുഴിയിൽ എം.സി.ഷാജിയുടെയും ലിന്റ ഷാജിയുടെയും മകളായ ആൻ മരിയ, ആറാം ക്ലാസ് മുതൽ കായികരംഗത്ത് സജീവമാണ്. ഒരുവർഷം മുമ്പ് കൊല്ലത്തെത്തിയ താരം നിലവിൽ ജില്ലാ സ്പോർട്സ് അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്. ടി.കെ.എം എൻജിനിയറിങ് കോളേജിലെ ഹർഡിൽസ് താരം ഫെലിക്സും അൽഫിലുമാണ് സഹോദരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |