
കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം വലിയപള്ളിക്ക് സമീപം കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. മടവൂർ സീമന്തപുരം സിമ്പിൾ ഹൗസിൽ റിട്ട.ഡെപ്യൂട്ടി തഹസീൽദാർ അൻസാറിന്റെയും ഇളമ്പ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക സീന ബീഗത്തിന്റെയും മകൻ ആഷിക്കാണ് (25) മരിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കല്ലമ്പലത്തിനും തട്ടുപാലത്തിനും മദ്ധ്യേ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ ആഷിക്കിനെ കാറിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളും പൊലീസും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ കിളിമാനൂരിലെ വീട്ടിൽ നിന്ന് പള്ളിക്കലിലേക്കും തുടർന്ന് കല്ലമ്പലത്തേക്കും പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞശേഷമാണ് ആഷിക് പുറപ്പെട്ടതെന്ന് പിതാവ് പറഞ്ഞു. തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് സുഹൃത്തിനൊപ്പം അന്വേഷണം തുടങ്ങി. കല്ലമ്പലം പൊലീസിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. കാറിൽ സീറ്റ് നിവർത്തിവച്ച് ചാരിക്കിടക്കുന്ന നിലയിലായിരുന്നു ആഷിക്.
ചാർക്കോൾ പോലെ എന്തോ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി പൊലീസ് സംശയിക്കുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കടുത്ത പഠനസമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ആഗസ്റ്റ് 9ന് കോളേജിൽ നിന്ന് കാണാതായ ആഷിക്കിനെ 12 ദിവസത്തിന് ശേഷം ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് കൗൺസലിംഗും നടത്തിയിരുന്നു.
ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാറിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ സംസ്‌കരിച്ചു. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജിനയാണ് ആഷിക്കിന്റെ സഹോദരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |