
ബാലരാമപുരം: ബാലരാമപുരം സബ് രജിസ്ട്രാർ ഓഫീസ് നേമത്തേക്ക് മാറാനൊരുങ്ങുന്നു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി മണ്ണാംചിറഭൂമിയിൽ രജിസ്ട്രാർ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ അഞ്ച് സെന്റ് സ്ഥലം വിട്ടുനൽകിയിരുന്നു. തേമ്പാമുട്ടം മൃഗാശുപത്രിക്ക് സമീപം പഞ്ചായത്ത് സ്ഥലം അനുവദിച്ചെങ്കിലും ഭൂമി കെട്ടിടനിർമ്മാണത്തിന് അനുയോജ്യമല്ലെന്ന കാരണത്താൽ നടപ്പായില്ല.
രേഖാമൂലം വസ്തുകൈമാറുന്നത് സംബന്ധിച്ചുള്ള റവന്യൂ നടപടികൾ തടസ്സപ്പെട്ടതോടെ നിലവിൽ പരുത്തിച്ചൽക്കോണം ജംഗ്ഷന് സമീപം സ്ഥിതിചെയ്യുന്ന ഓഫീസ് നേമത്തേക്ക് മാറ്റാനാണ് സർക്കാർ പദ്ധതി. ഭീമമായ വാടക നൽകിയാണ് ഓഫീസ് കെട്ടിടം വർഷങ്ങളായി പ്രവർത്തിക്കുന്നത്. മണ്ണാംചിറയിൽ സ്വകാര്യവ്യക്തികൾ കൈയേറിയും പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽപ്പെട്ടതുമായ 93സെന്റ് വസ്തുവിൽ വി.മോഹനന്റെ നേതൃത്വത്തിലുള്ള ഭരണസമിതി 83സെന്റ് തിരികെ പിടിച്ചിരുന്നു. എന്നാൽ പത്ത് സെന്റോളം പഞ്ചായത്ത് ഭൂമി കൈമോശം വന്നതായിട്ടുള്ള ആക്ഷേപവുമുണ്ട്.
ജനുവരിയിൽ ബി.ജെ.പി മെമ്പർമാർ രജിസ്ട്രാർ ഓഫീസ് ബാലരാമപുരത്ത് നിലനിറുത്തണമെന്നും സ്ഥലം കൈമാറുന്ന നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് രേഖാമൂലം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു. കോൺഗ്രസ് മെമ്പർമാരും എം.വിൻസെന്റ് എം.എൽ.എക്ക് പരാതി നൽകി.
രജിസ്ട്രേഷൻ കോംപ്ലക്സിൽ മുറികൾ ഒഴിഞ്ഞു കിടക്കുന്നു
താലൂക്ക് സർവേ ഡിവിഷനിൽ നിന്നും സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന നടപടികൾ തടസപ്പെട്ടതോടെയാണ് സബ് രജിസ്ട്രാർ ഓഫീസ് നേമം രജിസ്ട്രേഷൻ കോംപ്ലക്സിലേക്ക് മാറ്റാൻ നീക്കം ആരംഭിച്ചിരിക്കുന്നത്. മുൻ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ആറ് നിലകളുള്ള രജിസ്ട്രേഷൻ കോംപ്ലക്സിൽ ഓഫീസ് മുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇക്കാരണത്താലാണ് ബാലരാമപുരം രജിസ്ട്രേഷൻ ഓഫീസ് നേമത്തേക്ക് മാറ്റുന്നത്. എന്നാൽ സബ് രജിസ്ട്രാർ ഓഫീസ് മണ്ണാംചിറയിൽ നിലനിറുത്തണമെന്ന ആവശ്യമാണ് ഭരണസമിതിക്കുള്ളത്.
യാത്രാപ്രതിസന്ധിയെന്ന് അപേക്ഷകർ
ബാലരാമപുരത്തെ സബ് രജിസ്ട്രാർ ഓഫീസ് നേമത്തേക്ക് മാറ്റുന്നതോടെ വലയുന്നത് വൃദ്ധരുൾപ്പെടെ ആയിരക്കണക്കിന് അപേക്ഷകരാണ്. എട്ട് കിലോമീറ്ററോളം ദൂരപരിധിയാണ് ഉണ്ടാകുനത്. ഭൂരിഭാഗം അപേക്ഷകരും ബാലരാമപുരവും സമീപ പഞ്ചായത്തുകളിലും താമസിക്കുന്നവരാണ്. രജിസ്ട്രാർ ഓഫീസ് നേമത്തേക്ക് മാറ്റുന്നതിനെതിരെ ഓൾ കേരള ഡോക്യൂമെന്റ് ആൻസ് സ്ക്രൈബ്സ് അസോസിയേഷനും പ്രതിഷേധത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |