SignIn
Kerala Kaumudi Online
Saturday, 10 October 2026 1.29 AM IST

ഭീതിപരത്തി തെരുവ് നായ്ക്കൾ: ഭയത്തോടെ വഴിയാത്രക്കാർ

മലയിൻകീഴ്: ഗ്രാമപ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ വർദ്ധിക്കുന്നു. മാറനല്ലൂർ മലയിൻകീഴ്,വിളപ്പിൽ,വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ആളുകൾ ഒത്തുചേരുന്നിടങ്ങളിലും തെരുവ് നായ്ക്കളുടെ കൂട്ടമുണ്ടാകും. രാത്രികാലങ്ങളിൽ ഇവ വീടുകളിലെത്തി ആട്,പശു,കോഴി,വളർത്തുപൂച്ച എന്നിവയെ കടിച്ച് കൊല്ലുന്നതും പതിവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ പാലോട്ടുവിളയിൽ 25ലേറെ തെരുവ് നായ്ക്കളെ കൊണ്ടുവിട്ടിരുന്നു. തെരുവു നായ്ക്കൾ അപ്രതീക്ഷിതമായി ആളുകളെ ആക്രമിക്കുകയാണ് പതിവ്.

നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,പൊതുമാർക്കറ്റ്,ബസ് സ്റ്റാൻഡ്,​ സ്കൂൾ ഗേറ്റ് എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യംരൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രി മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ സ്കൂട്ടർ യാത്രക്കാരന് നേരെ ചാടി അപകടമുണ്ടായെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെട്ടു.

കോഴികളെ കൊന്നൊടുക്കി

അമ്പൻകോട് ജപവില്ലയിൽ റിട്ട.ഹെഡ്മാസ്റ്റർ വൈ.ജയശീലന്റെ വീട്ടിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 18കോഴികൾ ചത്തു. ബുധനാഴ്ച 3കോഴികളെയും ഇന്നലെ 15കോഴികളെയുമാണ് നായ്ക്കൾ കൊന്നത്. ഇരുമ്പ്കൂടിനുള്ളിൽ കയറിയാണ് ആക്രമണം. സംഭവത്തിൽ വിളപ്പിൽ പഞ്ചായത്തിൽ ഉടമ പരാതി നൽകി. അമ്പൻകോട് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

പ്രതിസന്ധിയുണ്ടാക്കി മാലിന്യനിക്ഷേപം

ശ്രീകൃഷ്ണപുരം-മഞ്ചാടി റോഡിൽ തെരുവ് നായ്ക്കൾ താവളമടിക്കാൻ കാരണം സമീപ പ്രദേശത്തെ മാലിന്യ നിക്ഷേപമാണ്. തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവർ നിരവധിയാണ്. ശാന്തിനഗർ,മഞ്ചാടി,വിയന്നൂർക്കാവ്,ശാന്തുമൂല,കരിപ്പൂര്,പാലോട്ടുവിള,മലയിൻകീഴ് താലൂക്ക് ആശുപത്രി,മലയിൻകീഴ് ഊറ്റുപാറ, മലയിൻകീഴ് പഞ്ചായത്ത് പരിസരം,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം,ഗേൾസ് ഹയ‌ർ സെക്കൻഡറി സ്കൂൾ ഗേറ്റ്,ശ്രീകൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ താവളമാണ്.

പൊതുമാർക്കറ്റുകൾക്ക് മുന്നിൽ നായ്ക്കളുടെ കൂട്ടം എപ്പോഴുമുണ്ടാകും.ശാന്തി നഗർ, പുതിയ ആയുർവേദ ആശുപത്രി, മണപ്പുറം, ശ്രീനാരായണ ലൈൻ എന്നിവിടങ്ങളിലേക്ക് പോകുന്നിടത്തും മലയിൻകീഴ് ക്ഷേത്ര ജംഗ്ഷൻ,ഗവ.എൽ.പി.ബി.എസ്, മലയിൻകീഴ് ഊരുട്ടംമ്പലം റോഡ്,പാപ്പനംകോട് റോഡ് എന്നീ സ്ഥലങ്ങളും തെരുവുനായ്ക്കളുടെ താവളമാണ്.

വന്ധ്യംകരണം നടത്തിയെങ്കിലും ഫലമില്ല

പേയാട്,പള്ളിമുക്ക്,മാർക്കറ്റ് ജംഗ്ഷൻ,വിളപ്പിൽശാല പൊതുമാർക്കറ്റ്,പടവൻകോട്,പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളുടെ ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. തെരുവ് നായ്ക്കളുടെ ശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL