SignIn
Kerala Kaumudi Online
Saturday, 10 October 2026 3.08 AM IST

അവഗണിക്കപ്പെട്ട് പൂവാർ ഫാമിലി ഹെൽത്ത് സെന്റർ

1

പൂവാർ: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. തീരദേശ മേഖലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പിട്ട മെമ്മോറാണ്ടം ആരോഗ്യ വകുപ്പ് മന്ത്രിക്കും ഹെൽത്ത്‌ ഡയറക്ടർ, ജില്ല മെഡിക്കൽ ഓഫീസർ തുടങ്ങിയവർക്കും സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

കാലപ്പഴക്കം ചെന്ന രണ്ട് ആംബുലൻസുകൾ നശിക്കാറായ നിലയിലാണ്. അടുത്തകാലത്ത് നടത്തിയ ഒ.പി ബ്ലോക്കിന്റെ നവീകരണം ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നതാണെന്ന ആക്ഷേപമുണ്ട്. വാഹനങ്ങളിൽ എത്തിക്കുന്ന രോഗികളെ ഡോക്ടറുടെ സമീപമെത്തിക്കാൻ ബുദ്ധിമുട്ടുന്നതായും നാട്ടുകാർ പറയുന്നു.

ആവശ്യങ്ങൾ

ആശുപത്രിക്ക് മുന്നിലെ ഗതാഗത തടസം ശാസ്ത്രീയമായി പരിഹരിക്കുക.

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക,

പാലിയേറ്റീവ് കെയർ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുക.

കിടപ്പു രോഗികൾക്ക് മരുന്നും മറ്റുപകരണങ്ങളും നിലവാരമുള്ളവ വിതരണം ചെയ്യുക.

ആശുപത്രിയിൽ പാതിവഴിയിൽ ഉപക്ഷിച്ച എക്സറെ യൂണിറ്റ് പ്രവർത്തിപ്പിക്കുക

ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തുക

ക്ലിനിക്കൽ ലാബിന്റെ പ്രവർത്തനം ആധുനികവത്കരിക്കുക

ഇ.സി.ജി യൂണിറ്റ് സ്ഥാപിക്കുക

അത്യാവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തുക

ഇൻ പേഷ്യന്റുകൾക്ക് ഉപകാരപ്രദമായ രീതിയിൽ കാന്റീൻ പ്രവർത്തനം ആരംഭിക്കുക

വാഹന പാർക്കിംഗിന് ഉചിതമായ സ്ഥലം കണ്ടെത്തുക

ആശുപത്രിക്ക് മുന്നിലെ അശാസ്ത്രീയ നിർമ്മാണം ഒഴിവാക്കുക.

രണ്ട് ക്വാർട്ടേഴ്സുകളും കാടുമൂടി

1956ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗവും പ്രവർത്തിച്ചിരുന്നു. ഇപ്പോഴാകട്ടെ ഇൻപേഷ്യന്റ് വിഭാഗത്തിൽ 16കിടക്കകളുടെ സൗകര്യം മാത്രമാണുള്ളത്. കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താൻ സ്ഥലപരിമിതി തടസമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആകെ 56സെന്റ് ഭൂമിയിൽ നിറയെ ചെറിയ കെട്ടിടങ്ങളാണ്. 4ക്വാർട്ടേഴ്സുകളിൽ രണ്ടെണ്ണം ഇടിച്ചുപൊളിച്ചാണ് ഐസൊലേഷൻ വാർഡ് നിർമ്മിച്ചത്. 2022ൽ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. അവശേഷിക്കുന്ന രണ്ട് ക്വാർട്ടേഴ്സുകളും കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്.

കൂടുതൽ ഡോക്ടർമാർ വേണം

ഫാമിലി ഹെൽത്ത് സെന്ററിന് 8 ഡോക്ടർമാരാണ് ആവശ്യം. എന്നാൽ 6 ഡോക്ടർമാരെ ഇപ്പോഴുള്ളൂ. പകൽ രണ്ടും രാത്രിയിൽ ഒരു ഡോക്ടറുമാണ് സാധാരണ ഉണ്ടാവുക. നഴ്സുമാർ,ക്ലീനിംഗ് സ്റ്റാഫ്, മറ്റ് ജീവനക്കാരും വേണ്ടത്രയില്ല. പാലിയേറ്രീവ് കെയർ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നൽകാതെ അധികൃതർ അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL