SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ഗ്രാമീണമേഖലയിൽ പകർച്ചവ്യാധി ഭീഷണി

photo

പാലോട്: മഴയ്ക്ക് ശക്തിയേറിയതോടെ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ തെരുവുനായ ശല്യവും മാലിന്യപ്രശ്നങ്ങളും രൂക്ഷമായതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് ജനങ്ങൾ. ഉൾപ്രദേശങ്ങളിൽ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യമാണ് നിലവിൽ.

പഞ്ചായത്തുകൾ അരലക്ഷം രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. എല്ലാ എം.സി.എഫ് യൂണിറ്റുകളുടെ പരിസരങ്ങൾ മുഴുവൻ മാലിന്യക്കൂമ്പാരങ്ങളാണ്. പരിശോധനകൾക്ക് കുറവുവന്നതോടെ റോഡുകളിൽ അറവ്-ഹോട്ടൽ മാലിന്യം തള്ളൽ പതിവായി. നന്ദിയോട്,പാങ്ങോട്,പെരിങ്ങമ്മല പ‌‌ഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.

ജനവാസ മേഖലകൾ ചീഞ്ഞുനാറുന്നു

സ്ട്രീറ്റ് ലൈറ്റ് കത്താത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.നിരവധി പ്രാവശ്യം മാലിന്യം തള്ളാനെത്തിയവരെയും മാലിന്യമെത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്തെങ്കിലും പിഴ ചുമത്തി വിടുകയാണ് പതിവ്. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കിയും ടാങ്കർ ലോറികളിലും കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

കൈത്തോടുകളിലും മാലിന്യം

വാമനപുരം നദിയിലേക്കെത്തുന്ന പച്ച മുടുമ്പ്-പാലോട്,ആലംപാറ-ഇരപ്പ് നിന്നും ആരംഭിച്ച് ജംഗ്ഷനിലെത്തി വാമനപുരം നദിയിൽ ചേരുന്ന കൈത്തോടുകളിലും മാലിന്യം നിറയുകയാണ്. ഈ വെള്ളമാണ് സംഭരിച്ച് ബ്ലീച്ചിംഗ് പൗഡറിട്ട് പൈപ്പിലൂടെ ജനങ്ങളിലെത്തുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ട് മാസങ്ങളായി.ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയെങ്കിലും നടപടിയെടുക്കാൻ അധികാരികൾ മടിക്കുകയാണ്.

വീടുകളിൽ നിന്ന് മാലിന്യവും ഉപയോഗശൂന്യമായ മറ്റുവസ്തുക്കളും ഉപേക്ഷിക്കുന്നതിനുള്ള ഇടമായി തോടുകൾ മാറിയിട്ടുണ്ട്.ചില വീടുകളിലെ മാലിന്യ പൈപ്പുകൾ കൈത്തോടുകളിലേക്കാണ് തുറന്നുവെച്ചിട്ടുള്ളത്.

ജലം മലിനമാകുന്നു

നന്ദിയോട്ടെ മാലിന്യം നിറഞ്ഞ ഓടകൾ നിറഞ്ഞൊഴുകിയെത്തുന്നത് ആലംപാറ തോട്ടിലാണ്. കക്കൂസ് മാലിന്യമുൾപ്പെ ഈ ജലാശയത്തിലാണ് എത്തിചേരുന്നുണ്ട്.

വിളവീട്, ആലംപാറ,തോട്ടുമുക്ക്,ഊളൻകുന്ന്,മുത്തുകാവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ആശ്രയമായ കൊച്ചുതാന്നിമൂട് ഇരപ്പിൽ നിന്നും ആരംഭിക്കുന്ന നീരുറവ എത്തിച്ചേരുന്നതും ആലംപാറ തോട്ടിലാണ്. ഈ ചെറുതോടുകൾ എത്തിച്ചേരുന്നത് വാമനപുരം നദിയിലെ മീൻമുട്ടിയിലും. ഇവിടുന്ന് പനവൂർ,കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ള സംഭരണികളിലാണ് ഈ മലിനജലം എത്തിചേരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL