
കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ വീരണകാവിലും പരിസരപ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷം.വീരണകാവ് കുന്നിൽ കൃഷ്ണവിലാസം വീട്ടിൽ ബാലകൃഷ്ണൻ (72) ഉൾപ്പെടെയുള്ള ഒട്ടേറെ കർഷകരാണ് പന്നിശല്യം മൂലം ദുരിതത്തിലായിരിക്കുന്നത്.വാഴ,കപ്പ,ചേമ്പ് തുടങ്ങി വിവിധയിനം കൃഷികളാണ് പന്നികൾ വ്യാപകമായി നശിപ്പിക്കുന്നത്.അക്രമകാരികളായ പന്നികളെ വെടിവച്ച് കൊല്ലാൻ രണ്ട് വേട്ടക്കാരെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവർ സമയത്ത് എത്താറില്ലെന്നാണ് കർഷകരുടെ പരാതി.നഗരപ്രദേശങ്ങളിൽ താമസിക്കുന്ന ഇവർ കൃഷിനാശമുണ്ടായി മൂന്നോ നാലോ ദിവസങ്ങൾ കഴിഞ്ഞാണ് സ്ഥലത്തെത്തുന്നത്.പന്നികളെ പ്രതിരോധിക്കാൻ കൃഷിഭൂമികളിൽ ഫെൻസിംഗും വൈദ്യുതവേലിയും നിർമ്മിക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരുന്നു.എന്നാൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് നടപ്പാക്കാനായില്ല.ജനവാസമേഖലയിൽ ഇത്തരം സംവിധാനങ്ങൾ അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്.വനമേഖലയിൽ സ്ഥാപിക്കുന്ന വൈദ്യുതവേലി നാട്ടിൻപുറത്ത് അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും രംഗത്തുവന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |