
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിൽ പ്രത്യേക ഡ്രെയിനേജ് സംവിധാനം ഇതുവരെ നടപ്പാക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. മഴവെള്ളം ഒലിച്ചു പോകുവാനായി തയ്യാറാക്കിയ ഓടകളിലേക്കാണ് ഹോട്ടലുകളിലെയും റോഡരുകിലെ വീടുകളിലെയും മലിനജലം ഒഴുക്കി വിടുന്നത്. വീടുകളുടെ പരിസരത്ത് പ്രത്യേകം ഡ്രെയിനേജ് സൗകര്യമുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് കെട്ടിട നിർമ്മാണത്തിന് പെർമിറ്റി നൽകേണ്ടതെങ്കിലും ഇപ്പോഴും അത്തരം മുൻകൂട്ടിയുള്ള പരിശോധനകൾ നടക്കുന്നില്ല.
വീടുകളിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കി വിടുന്ന പൈപ്പുകൾ കണ്ടെത്തി അടയ്ക്കുവാനും നീക്കം ചെയ്യുവാനും നഗരസഭയുടെ കഴിഞ്ഞ ഭരണ സമിതി നടപടി സ്വീകരിച്ചുവെങ്കിലും പ്രവർത്തനം തുടങ്ങിയിടത്ത് തന്നെ അവസാനിപ്പിച്ച സ്ഥിതിയാണ്.
മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് നെയ്യാറിൽ
ടൗണിലെ ഒട്ടുമിക്ക അഴുക്ക് ചാലുകളും ചെന്നവസാനിക്കുന്നത് നെയ്യാറിലേക്കാണ്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിന് സമീപത്തുള്ള നെയ്യാറിലെ കുരവണിക്കടവിലേക്കാണ് ടൗണിലെ പ്രധാന അഴുക്കുചാൽ ചെന്നെത്തുന്നത്. മഴവെള്ളം ഒഴുകിപ്പോകാനാണ് നെയ്യാറിലേക്ക് കൂറ്റൻ ഓട നിർമ്മിച്ചതെങ്കിലും വീടുകളിലേയും ഹോട്ടലുകളിലേയും മലിനജലമാണ് ഇതിലൂടെ നെയ്യാറിലെത്തുന്നത്. നെയ്യാറിലെ ഈ കടവിൽ നിന്നുമാണ് ടൗൺ പ്രദേശത്തിന് ആവശ്യമായ കുടിവെള്ളം വാട്ടർ അതോറിട്ടി പമ്പ് ഹൗസ് സ്ഥാപിച്ച് ശേഖരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാവണമെന്ന് നാട്ടുകാർ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല.
നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ അഴുക്കുചാലും പൊലീസ് ക്വാർട്ടേഴ്സ് റോഡ് വഴി ഒഴുകിയെത്തുന്നത് നെയ്യാറിലേക്കാണ്. ജില്ലാ ആശുപത്രിലാകട്ടെ സെപ്ടിക് ടാങ്ക് പൊട്ടിയൊലിച്ചാണ് അഴുക്കുചാലിലൂടെ നെയ്യാറിലെത്തുന്നത്.
കുളവും മലിനമായി
ടൗണിൽ നിന്നും ഒഴുകിയെത്തുന്ന ആലുമ്മൂട് വാർഡിലെ ഈഴക്കുളം 13.8കോടിരൂപ ചെലവിട്ട് കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി അഴുക്ക് ജലം മാറ്റി നവീകരിച്ചെങ്കിലും നാല് വർഷം കഴിയും മുൻപേ കുളം പഴയതിനേക്കാൾ മലിനമായി മാറി.
തുലാവർഷം ആരംഭിക്കുന്നതോടെ ഓടയിലൂടെ ഒഴുകുന്ന മലിനജലം മഴവെള്ളവുമായി ചേർന്ന് റോഡിലൂടെ ഒഴുകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |