
മൂവാറ്റുപുഴ: ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപ്പടി ഭാഗത്ത് കോന്നം കുടി വീട്ടിൽ ആസിഫ് കെ. ഹസനെയാണ് (28) മൂവാറ്റുപുഴ എസ്.എച്ച്.ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിലെ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ ചെന്ന ആളിൽ നിന്ന് ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് പതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. 14നാണ് സംഭവം നടന്നത്. പണം നിക്ഷേപിക്കാൻ വന്നയാളോട് തനിക്ക് എ.ടി.എമ്മിൽ നിന്ന് പണം എടുക്കാൻ സാധിക്കുന്നില്ലെന്നും പണം നൽകിയാൽ ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്തു നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഗൂഗിൾ പേ ചെയ്തെന്ന രീതിയിൽ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. മുമ്പ് സമാനമായ തട്ടിപ്പ് കേസുകളിൽ ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. എസ്.ഐ മാരായ ആർ.ബി. റോഷ്നി, സി.ബി. അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ് ബാബു, ഇർഫാൻ ഹബീബ്, എം.പി. രതിഷ്, ശ്രീജു രാജൻ, വിപിൻ വർക്കി, ഷിജു രാജപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |