
കൊച്ചി/ആലുവ: വിവേക്, ഷാലിമാർ എക്സ്പ്രസ് ട്രെയിനുകളുടെ എ.സി കോച്ചുകളിൽ കടത്തിയ
9 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാനക്കാർ പിടിയിൽ. എറണാകുളം നോർത്ത്, ആലുവ റെയിൽവേ സ്റ്റേഷനുകളിൽ ആർ.പി.എഫ് ക്രൈംഇന്റിലിജൻസിന്റെ പരിശോധനകളിലാണ്
അസാം നാഗോൺ സ്വദേശികളായ മഫിജുൾ ഇസ്ലാം (19), അഫ്ജാലുൾ ഷെയ്ക്ക് (18), പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി എസ്.കെ സമിം (27) എന്നിവർ അറസ്റ്റിലായത്.
ഇന്നലെ രാവിലെ എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ വിവേക് എക്സ്പ്രസിൽ നിന്നിറങ്ങിയ അസാം സ്വദേശികളുടെ തോൾബാഗുകൾ പരിശോധിച്ചപ്പോൾ 4 കിലോ കഞ്ചാവ് കണ്ടെത്തി. ആലുവ സ്റ്റേഷനിലേക്കുള്ള ടിക്കറ്റുകൾ കൈവശം ഉണ്ടായിരുന്നു. ഇടുക്കി അടിമാലിയിലെ ഹോട്ടലിൽ തൊഴിലാളികളാണ്. കഞ്ചാവ് കൈമാറിയാൽ 20000 രൂപ കമ്മിഷൻ ലഭിക്കുമെന്ന് ഇരുവരും മൊഴി നൽകി.
വൈകിട്ട് ആലുവ സ്റ്റേഷനിലെത്തിയ ഷാലിമാർ എക്സ്പ്രസിന്റെ എ.സി കോച്ചിൽനിന്ന് ഇറങ്ങുമ്പോഴാണ് 5 കിലോ കഞ്ചാവുമായി സമിം പിടിയിലായത്. കൈവശം എറണാകുളം വരെയുള്ള ടിക്കറ്റ് ഉണ്ടായിരുന്നു. പതിനായിരംരൂപയാണ് ലഹരിസംഘം വാഗ്ദാനം ചെയ്തിരുന്നത്. മൂന്നുപേരും കാരിയർമാരാണെന്ന് ആർ.പി.എഫ് പറഞ്ഞു. പിടിച്ചെടുത്ത 9 കിലോ കഞ്ചാവിന് 4. 5 ലക്ഷം രൂപ വിലമതിക്കുന്നു.
ആർ.പി.എഫ് തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എ.ജെ. ജിപിൻ, എസ്.ഐ പ്രൈസ് മാത്യു, എ.എസ്.ഐമാരായ സിജോ സേവ്യർ, ആർ. വിജയകുമാർ, പൊലീസുകാരായ എസ്.വി.ജോസ്, ജി. വിപിൻ, എം.ആർ. മനോജ് എന്നിവരാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |