
കൊച്ചി: എറണാകുളം ജംഗ്ഷനും നോർത്ത് സ്റ്റേഷനുമിടയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിപ്പോയ അസാം സ്വദേശിയെ റെയിൽവേ പൊലീസ് ആലുവയിൽ നിന്ന് അറസ്റ്റുചെയ്തു. അസാമിലെ നൗഗോൺ സ്വദേശിയായ ഇമ്രാൻ ഹുസൈൻ (24) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഇയാൾ കവർച്ചനടത്തിയത്. യാത്രക്കാരൻ പരാതിപ്പെട്ടതിനെത്തുടർന്ന് റെയിൽവേ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നീലവസ്ത്രം ധരിച്ച ഒരാൾ എറണാകുളം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഓടുന്ന ട്രെയിനിൽ കയറുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാളുടെ ചിത്രവും വീഡിയോയും പ്രചരിപ്പിക്കുകയും, ആർ.പി.എഫും ജി.ആർ.പിയും ചേർന്നുള്ള ഒരു സംയുക്ത അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു.
ഇന്നലെ ആലുവ സ്റ്റേഷനിൽ സംശയാസ്പദമായി കണ്ട പ്രതിയെ റെയിൽവേ സംരക്ഷണസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ മൊബൈൽ ഫോൺ തട്ടിയെടുത്തതായും, കഴിഞ്ഞ സെപ്തംബർ 19ന് മറ്റൊരു ട്രെയിനിലും മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു. എറണാകുളം ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, ഹെഡ് കോൺസ്റ്റബിൾ അനീഷ് തോമസ്, കോൺസ്റ്റബിൾമാരായ അജയഘോഷ്, പി.ഷൈജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |