
കല്ലമ്പലം: വർക്കല ബ്ലോക്കിന് കീഴിലെ പ്രധാന സി.എച്ച്.സിയായ മണമ്പൂർ ആശുപത്രിയിൽ രാത്രിയിൽ ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.1962ൽ പി.എച്ച്.സിയായി പ്രവർത്തനം തുടങ്ങിയ ആശുപത്രി സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ്.സി.എച്ച്.സിയായി ഉയർത്തിയപ്പോൾ ആറ് ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.പ്രസവ ശുശ്രൂഷ വരെയുണ്ടായിരുന്ന ആശുപത്രിയുടെ പ്രവർത്തനം ഇപ്പോൾ മന്ദഗതിയിലാണെന്നാണ് ആക്ഷേപം.
മൂന്ന് ഡോക്ടർമാർക്ക് എല്ലാ രോഗികളെയും സമയമെടുത്ത് ചികിത്സിക്കാനും മാർഗ നിർദേശങ്ങൾ നൽകാനും കഴിയാത്ത സ്ഥിതിയും ഉണ്ടെന്നാണ് പരാതി.
ചില ഡോക്ടർമാർ ലീവ് എടുക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. ഒരു ഡോക്‌ടർ മാത്രമുള്ള ദിവസങ്ങളുമുണ്ടെന്ന് രോഗികൾ പറയുന്നു.
10 വർഷം മുൻപു വരെ രാത്രി ഡോക്‌ടറുടെ സേവനം ലഭ്യമായിരുന്നു.ഡോക്‌ടർമാർക്ക് രാത്രി വിശ്രമിക്കാനുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. അതെല്ലാം വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച് ഡി.എം.ഒയെ അറിയിച്ചിട്ടുണ്ടെന്നും,പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
വിവിധ സമയങ്ങളിലായി ഇപ്പോൾ മൂന്ന് ഡോക്ടർമാരുടെ സേവനം മാത്രമാണുള്ളത്.
ദിനംപ്രതി ചികിത്സ തേടിയെത്തുന്നത് - 500ൽപ്പരം രോഗികൾ
മഴക്കാല രോഗങ്ങളും മറ്റും പെരുകുമ്പോൾ രോഗികളുടെ എണ്ണം 1000 കവിയുമെന്നാണ് നാട്ടുകാർ പറയുന്നത്
രാത്രി ചികിത്സ തേടിയെത്തുന്ന രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിൽ
വർക്കല ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ പി.എച്ച്.സികൾക്ക് മാതൃകയാകേണ്ട ആശുപത്രിക്കാണ് ഈ ദുർഗതി.
മണമ്പൂർ പഞ്ചായത്തിന് പുറമെ ഒറ്റൂർ,ചെറുന്നിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ രോഗികളും ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |