
വിതുര: വിതുര പഞ്ചായത്തിലെ മണലി വാർഡിലെ തലത്തൂതക്കാവ് മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ തലത്തൂതക്കാവ് ഗവൺമെന്റ് ട്രൈബൽസ്കൂളിന്റെ ചുറ്റുമതിൽ കാട്ടാനക്കൂട്ടം തകർത്തു.നേരം പുലരുവോളം മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം കൃഷികളും വ്യാപകമായി നശിപ്പിച്ചു. ഇത് മൂന്നാം തവണയാണ് ചുറ്റുമതിൽ തകർക്കുന്നത്. ആനശല്യം രൂക്ഷമാകുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് വിതുര പഞ്ചായത്ത് 24 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിൽ ചുറ്റുമതിൽ നിർമ്മിച്ചത്.
മേഖലകളിൽ ആനശല്യം രൂക്ഷമായിട്ട് വർഷങ്ങളേറയായി.രാത്രിയിൽ സ്കൂൾ വളപ്പിലാണ് അന്തിയുറക്കം. വനത്തിനോട് ചേർന്നാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പകൽസമയത്തും തലത്തൂതക്കാവ് മണലി,തലത്തൂതക്കാവ്,കല്ലൻകുടി മേഖലയിൽ കാട്ടാനകളെത്തുന്നുണ്ട്.
കൃഷി നശിപ്പിച്ചു
മേഖലയിലെ കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. കാട്ടുപോത്തുകളുടെ ശല്യവുമുണ്ട്. ആനശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മന്ത്രിക്കും എം.പിക്കും എം.എൽ.എക്കും ത്രിതല പഞ്ചായത്തിലും അനവധി തവണ പരാതികൾ നൽകിയിട്ടുണ്ട്.
നേരത്തേ ചുറ്റുമതിൽ ആനകൾ തകർത്തപ്പോൾ വിതുര പഞ്ചായത്ത് പ്രസിഡന്റും പാലോട് റേഞ്ച് ഓഫീസറും സ്കൂൾ സന്ദർശിക്കുകയും ആനശല്യത്തിന് തടയിടാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. നടപടികൾ സ്വീകരിക്കുമെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |