തിരുവനന്തപുരം: ഏഴു പതിറ്റാണ്ടുമുമ്പ് മലയാള ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം പിറവികൊണ്ടപ്പോൾ മുഴുവൻ മലയാളികളുടെയും ശ്രദ്ധാകേന്ദ്രം തലസ്ഥാന നഗരിയിലായിരുന്നു. നാടെങ്ങും ആഘോഷം നടക്കവെ പൂർണ സംസ്ഥാനമായുള്ള അധികാര കൈമാറ്റം നടന്നത് തിരുവനന്തപുരത്തായിരുന്നു.
രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ആ സ്ഥാനത്തു നിന്നും മാറി. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ആദ്യ ഔദ്യോഗിക ഗവർണറായി ഡോ.രാമകൃഷ്ണറാവു സത്യപ്രതിജ്ഞ ചെയ്തു. പുതിയ സംസ്ഥാനത്തിന്റെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് കെ.ടി.കോശി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. എൻ.ഇ.എസ് രാഘവാചാരി കേരളത്തിന്റെ ആദ്യ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതും ഇതേ ദിവസമാണ്.
കേരളം രൂപീകൃതമാകുമ്പോൾ തിരു-കൊച്ചിയിൽ നിയമസഭ നിലവിലില്ലാതിരുന്നതിനാൽ പ്രസിഡന്റ് ഭരണത്തിന് കീഴിലാണ് പുതിയ സംസ്ഥാനം നിലവിൽ വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ തിരുവനന്തപുരത്തെത്തി ആഘോഷത്തിൽ പങ്കെടുത്തിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും ആഘോഷ പരിപാടികൾ നടന്നെങ്കിലും കോൺഗ്രസ്,കമ്മ്യൂണിസ്റ്റ്,പി.എസ്.പി പാർട്ടികൾ ആസന്നമായ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നതെന്ന് പ്രൊഫ.ടി.പി.ശങ്കരൻകുട്ടി നായർ പറഞ്ഞു.
അന്നത്തെ എല്ലാ പത്രങ്ങളും കേരളപ്പിറവി ആഘോഷിച്ചു. തിരുവിതാംകൂർ-കൊച്ചി- മലബാർ ഒന്നായി,മലയാള ഭാഷ സംസാരിക്കുന്നവരുടെ സംസ്ഥാനമുണ്ടായി, ഓണം ആഘോഷിക്കുന്നവരുടെ സംസ്ഥാനമുണ്ടായി... എന്നൊക്കെയായിരുന്നു പത്രങ്ങളിൽ വന്ന വാർത്ത.
തിരുവിതാംകൂറിന്റെയും പിന്നീട് തിരുകൊച്ചിയുടെയും തലസ്ഥാനമായിരുന്ന തിരുവനന്തപുരം തന്നെ കേരളത്തിന്റെയും തലസ്ഥാനമായി തുടരുകയായിരുന്നു. നാട്ടുരാജ്യ ഭരണകാലത്ത് ഹുജൂർ കച്ചേരി എന്ന് വിളിക്കപ്പെട്ടിരുന്ന ഇന്നത്തെ സെക്രട്ടേറിയറ്റ് മന്ദിരം സംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ സെക്രട്ടേറിയറ്റായിരുന്നു. തിരു-കൊച്ചി സംസ്ഥാന രൂപീകരണ വേളയിൽ 1949ലാണ് 'ഗവൺമെന്റ് സെക്രട്ടേറിയറ്റ്' എന്ന് പുനർനാമകരണം ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |