
കാട്ടാക്കട: ആര്യനാട് പഞ്ചായത്തിലെ പ്രധാന കവലകളെല്ലാം തെരുവ് നായ്ക്കൾ കൈയടക്കിയ സ്ഥിതിയാണ്. പഞ്ചായത്ത് മാർക്കറ്റ്,ആര്യനാട് ജംഗ്ഷൻ,പോസ്റ്റ് ഓഫീസ് പരിസരം എന്നിവിടങ്ങളിലൊക്കെ തമ്പടിക്കുന്ന തെരുവുനായ്ക്കൾ റോഡിലൂടെ പോകുന്ന കുട്ടികളെയുൾപ്പെടെയുള്ള ആക്രമിക്കുന്നത് പതിവാണ്.
ശനിയാഴ്ച രാവിലെ ആര്യനാട് ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങിയ ആനന്ദേശ്വരം സ്വദേശികളായ സാവിത്രി, അംബിക,ശോഭന എന്നിവരെയും രണ്ട് സ്കൂൾ വിദ്യാർത്ഥികളെയും തെരുവ് നായ്ക്കൾ ആക്രമിച്ചു. ഇവരിൽ ഒരാൾ ആര്യനാട് ആശുപത്രിയിലും മറ്റ് നാലുപേർ മെഡിക്കൽ കോളേജിലും ചികിത്സതേടി.
പ്രതിരോധ കുത്തിവയ്പിന് സൗകര്യമില്ല
നിരവധി ആളുകളാണ് ദിനംപ്രതി തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സതേടുന്നത്. ഗുരുതര പരിക്കേറ്റ് വരുന്നവർക്കുള്ള ഇമ്യൂണോ ഗ്ലോബിലിൻ കുത്തിവയ്‌പിന് ഗ്രാമീണ മേഖലകളിലെ ആശുപത്രികളിൽ സൗകര്യങ്ങളില്ല. ഇവർ ചികിത്സയ്ക്ക് ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ പോകേണ്ട അവസ്ഥയാണ്. കുത്തിവയ്പ് മരുന്നിന് നൽകാൻ പഞ്ചായത്തിൽ ഫണ്ടില്ലെന്നതാണ് ഗുരുതപ്രശ്നം. പഞ്ചായത്ത് അടിയന്തരമായി തെരുവ് നായ നിയന്ത്രണത്തിനും വന്ധ്യംകരണത്തിനും നടപടി എടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപടിയാകാറില്ല. ഇതിനായി ഫണ്ട് വകയിരുത്തിയെങ്കിലും യാതൊന്നും നടന്നില്ല.
പഞ്ചായത്തിലെ കാഞ്ഞിരംമുട്,ചെറിയാര്യനാട്,ചൂഴ, പാലൈക്കോണം,ഇറവൂർ,കോട്ടയ്ക്കകം, വണ്ടയ്ക്കൽ,ചേരപ്പള്ളി,പറണ്ടോട് പ്രദേശങ്ങളിലാണ് തെരുവ് നായ് ശല്യം രൂക്ഷം. ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് നായ്ക്കളുടെ പ്രധാന താവളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |