SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

കൊടിനട വഴിമുക്ക് വികസനം,​ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ

general

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ മൂന്നാം റീച്ചായ കൊടിനട-വഴിമുക്ക് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ വൈകുന്നത് വൻ ദുരന്തത്തിന് സാദ്ധ്യതയേറുന്നു. കൊടിനട-വഴിമുക്ക് ദേശീയപാത വികസനത്തിന്റെ ഭാഗമായി ജംഗ്ഷനിൽ നെയ്യാറ്റിൻകര റോഡിലെ ബസ് സ്റ്റോപ്പ് 50മീറ്റർ മാറി പഴയ പെട്രോൾ പമ്പിന് മുൻവശത്തേക്ക് മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് രേഖാമൂലം ഉത്തരവ് കൈമാറിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.

നെയ്യാറ്റിൻകര റോഡിൽ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചതായി ഫ്ലക്സ് നാട്ടിയെങ്കിലും ഇപ്പോഴും അപകടാവസ്ഥയിലായ കെട്ടിടങ്ങൾക്കരികിൽ നിന്നാണ് യാത്രക്കാർ ബസ് കയറുന്നത്. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയോ സ്ഥിതിഗതികൾ വിലയിരുത്തുകയോ ചെയ്തിട്ടില്ലെന്ന ആക്ഷേപമുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി മഴ തിമിർത്ത് പൊയ്യുകയാണ്. ഭൂരിഭാഗം കെട്ടിടങ്ങളും മഴയിൽ കുതിർന്ന് ഏത് നിമിഷവും നിലം പൊത്തിയേക്കാമെന്ന നിലയിലാണ്.

നൂറ് വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങൾ

കൊടിനട മുതൽ വഴിമുക്ക് വരെ പൊളിച്ചുമാറ്റപ്പെടുന്ന കെട്ടിടങ്ങൾ നൂറ് വർഷത്തോളം പഴക്കമുണ്ട്. പകുതിയിലധികം കെട്ടിടങ്ങളും റവന്യൂവിഭാഗത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് സ്ഥലമേറ്റെടുക്കും മുമ്പും പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത് ഭരണസംവിധാനവും ഇക്കാര്യത്തിൽ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നില്ല. അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനായി പഞ്ചായത്ത്,​മുൻസിപ്പൽ കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾക്കാണ് രേഖാമൂലം അറിയിപ്പ് നൽകേണ്ടത്. എന്നാൽ റവന്യൂവകുപ്പിന്റെ അധികാരപരിധിയിൽപ്പെട്ട കൊടിനട-വഴിമുക്ക് പ്രദേശം ദേശീയപാത ഏറ്റെടുത്തതോടെ കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചുമാറ്റേണ്ട ചുമതല ലാൻഡ് അക്യൂസിഷൻ വിഭാഗം ദേശീയപാതവികസന അതോറിറ്റിക്കാണ്.

പാതവികസനം അനിശ്ചിതത്വത്തിൽ

2013 മുതൽ ദേശീയപാതവികസനത്തിന് സ്ഥലം ഭൂവുടമകൾ വിട്ടുനൽകിയെങ്കിലും ഫണ്ടില്ലായെന്ന കാരണത്താൽ പത്ത് വർഷത്തോളമായി പാതവികസനം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി കൊടിനട മുതൽ വഴിമുക്ക് വരെ ഒന്നരക്കിലോമീറ്റർ പാതവികസനം പോലും പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. കെട്ടിടം പൊളിച്ചുമാറ്റുന്നതിലും സാങ്കേതികത്വമില്ലെന്ന് പരാതിയുയർന്നിട്ടുണ്ട്.

ആധുനീക സംവിധാനങ്ങളോ, സുരക്ഷയോ ഇല്ലാതെയാണ് മഴയിൽ കുതിർന്ന കെട്ടിടങ്ങൾക്ക് മുകളിൽ കയറി ആയുധം ഉപയോഗിച്ച് പണികൾ നടക്കുന്നത്. ആൾക്കൂട്ടം നിറഞ്ഞ ബസ് സ്റ്റോപ്പും നിരവധി യാത്രക്കാരും നിറഞ്ഞ വീഥിയിൽ അത്യധികം അപകടാവസ്ഥയിലാണ് കെട്ടിടം പൊളിച്ചുമാറ്റൽ പുരോഗമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL