
അഴിയാതെ ഗതാഗതകുരുക്ക്
ചിറയിൻകീഴ്: തിരക്കിലമർന്ന് ചിറയിൻകീഴ് വലിയകട ജംഗ്ഷൻ. ചിറയിൻകീഴിന്റെ ഭരണസിരാകേന്ദ്രവും, ചിറയിൻകീഴിലെ ഏറ്റവും വലിയ ജംഗ്ഷനുമാണ് വലിയകട ജംഗ്ഷൻ. ഇടതടവില്ലാതെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. രാവിലെയും വൈകിട്ടുമാണ് തിരക്കേറെ. കുരുക്കഴിയാൻ മണിക്കൂറുകളാണ് എടുക്കുന്നത്.
ആറ്റിങ്ങൽ,കടയ്ക്കാവൂർ,ശാർക്കര എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ വീതിക്കുറവായ ജംഗ്ഷൻ കടക്കാൻ പലപ്പോഴും ഏറെ പണിപ്പെടാറുണ്ട്. ജംഗ്ഷനോട് ചേർന്നാണ് ചന്ത പ്രവർത്തിക്കുന്നത്.വാണിജ്യ വ്യാപാര കേന്ദ്രമായ ഇവിടെ നിരവധി ബാങ്കുകൾ,ജുവലറികൾ,ടെക്സ്‌റ്റെയിൽസുകൾ,മറ്റു വിവിധയിനം ഷോപ്പുകൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.അതിനാൽ വിവിധ ആവശ്യങ്ങൾക്കായി ജംഗ്ഷനിലെത്തുന്നവർ ആയിരങ്ങളാണ്. മുൻകാലങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ബന്ധപ്പെട്ടവരുടെ സേവനം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴതില്ലെന്ന് വ്യാപാരികൾ പറയുന്നു.
ഗതാഗതക്കുരുക്ക് ഏറുമ്പോൾ നാട്ടുകാരും വഴിയാത്രക്കാരും ഇടപെട്ടാണ് പലപ്പോഴും കുരുക്കഴിക്കുന്നത്.ജംഗ്ഷനിലെ കുരുക്കഴിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ യാത്രക്കാരുടെയും ആവശ്യം.
വലിയകടയിൽ എത്തിച്ചേരുന്ന ശാർക്കര റോഡും വീതിക്കുറവിൽപ്പെട്ട് ഉഴലുകയാണ്. ഈ റോഡിന്റെയും വലിയകട ജംഗ്ഷനിലെ റോഡിന്റെയും വീതിക്കുറവിന് പരിഹാരമായി വീതി കൂട്ടൽ പദ്ധതികൾ
അണിയറയിൽ ആരംഭിച്ചെങ്കിലും.തുടർനടപടികൾക്ക് വേഗത പോരെന്ന ആക്ഷേപം ശക്തമാണ്. അടിയന്തരമായി ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് മഴയിൽ നിന്നും വെയിൽ നിന്നും രക്ഷപ്പെടാൻ ഒരു വെയ്റ്റിംഗ് ഷെഡ് പോലുമില്ല. കടത്തിണ്ണകളാണ് ആശ്രയം.
നാല് റോഡുകളുടെ സംഗമ സ്ഥലം
ഗതാഗതക്കുരുക്കിന് കാരണം
1) റോഡിന്റെ വീതിക്കുറവ്
2) അനധികൃത പാർക്കിംഗ്
3) ആളെ കയറ്റാനായി സമാന്തര വാഹനങ്ങൾ ജംഗ്ഷനിൽ ഏറെനേരം കാത്തുക്കിടക്കുന്നത്
ക്യാപ്ഷൻ: ചിറയിൻകീഴ് വലിയകട ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |