
പാലോട്: മലയോര പ്രദേശങ്ങളായ ബ്രൈമൂർ,വിതുര,പൊൻമുടി,പേപ്പാറ മേഖലകളിൽ കുളയട്ട ശല്യം അതിരൂക്ഷം. വീടുകൾക്ക് സമീപമുള്ള വെള്ളക്കെട്ടുകളിലും കൃഷിത്തോട്ടങ്ങളിലും തോടുകളിലും അട്ടകളുടെ ശല്യം മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ കൂടിവരുകയാണ്. തുടർച്ചയായ മഴയും ഈർപ്പമുള്ള കാലാവസ്ഥയുമാണ് കുളയട്ടകളുടെ വർദ്ധനവിന് കാരണം.
കൃഷിപ്പണികൾക്കായി തോട്ടങ്ങളിലും പാടങ്ങളിലുമിറങ്ങുന്ന കർഷകരെയും തൊഴിലാളികളെയുമാണ് കൂടുതലായും ഇത് ബാധിക്കുന്നത്. കാലി മേയ്ക്കാൻ പോകുന്നവരും വിറക് ശേഖരിക്കാൻ വനത്തിനുള്ളിലേക്ക് പോകുന്നവരും കുളയട്ടകളുടെ അക്രമണത്തിന് ഇരയാകുന്നുണ്ട്.
പ്രാദേശികമായി ഉപയോഗിക്കുന്ന ചുണ്ണാമ്പ്,ഉപ്പ്,പുകയിലക്കഷായം തുടങ്ങിയ പരമ്പരാഗത പ്രതിരോധ മാർഗങ്ങൾ പോലും നിലവിലെ സാഹചര്യത്തിൽ ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പറയുന്നു.
വിവിധപഞ്ചായത്തുകളുടെ നേതൃത്വത്തിൽ 'ആന്റി ലീച്ച്' പദ്ധതികളും പരിസര ശുചീകരണവും ഊർജിതമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.വനംവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധിച്ച്കൃഷിയിടങ്ങളിലെ സോയിൽ അസിഡിറ്റി കുറയ്ക്കുന്നതിനും അട്ടവ്യാപനം തടയുന്നതിനുമുള്ള ശാസ്ത്രീയ മാർഗനിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് കർഷകകൂട്ടായ്മകൾ ആവശ്യപ്പെട്ടു.
ശരീരത്തിൽ പറ്റിപ്പിടിച്ച് രക്തം കുടിക്കുന്നതാണ് അട്ടകൾ.ഇവ നേരിട്ട് ചെടികളെയോ വിളകളെയോ തിന്നുനശിപ്പിക്കാറില്ലെങ്കിലും കാർഷികമേഖലയെയും കർഷകരുടെ ജീവിതത്തെയും പരോക്ഷമായി വലിയ രീതിയിൽ ബാധിക്കാറുണ്ട്.
പാടങ്ങളിലും തോട്ടങ്ങളിലും പുല്ല് മേയാൻ വിടുന്ന പശു,ആട് തുടങ്ങിയ വളർത്തുമൃഗങ്ങളുടെ ശരീരത്തിൽ അട്ടകൾ പറ്റിപ്പിടിച്ച് രക്തം കുടിക്കുന്നു. ഇത് മൃഗങ്ങളിൽ വിളർച്ച,ക്ഷീണം,പാലിന്റെ ഉത്പാദനക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.
വനാതിർത്തികളിലെ ശുദ്ധജല സ്രോതസുകൾ,അഴുക്കുചാലുകൾ,കാടുപിടിച്ച് കിടക്കുന്ന ഉപയോഗശൂന്യമായ പുരയിടങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഉറവിടം.
അശുദ്ധ രക്തം വാർത്തു കളയുന്നതിന് പണ്ടു മുതൽക്കേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്നത് അട്ടകളെയാണ്. ജലത്തിലും തണുപ്പേറിയ ജലാംശ പ്രദേശങ്ങളിലും കൂടുതലായി കണ്ടുവരുന്ന ജീവികളാണിവ. രക്തം ചോർത്തിയുള്ള ചികിത്സകൾക്കായി ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |