
പൂവാർ: ടൂറിസം രംഗത്ത് അനുദിനം വളരുന്ന പൂവാർ ബ്രേക്ക് വാട്ടർ മേഖലയിൽ വിനോദസഞ്ചാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷയ്ക്കായി വാട്ടർ ആംബുലൻസ് സർവീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. പൂവാറിലെ കായലുകളും കടലും സംഗമിക്കുന്ന ഈ പ്രദേശത്ത് അപകടങ്ങളുണ്ടായാൽ കരമാർഗ്ഗം മെഡിക്കൽ സഹായം എത്തിക്കുന്നത് വലിയ വെല്ലുവിളിയാണ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പൂവാർ. പ്രതിദിനം ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളാണ് പൂവാറിലെ കായൽ സൗന്ദര്യവും ബ്രേക്ക് വാട്ടർ (പൊഴിമുഖം) ഭംഗി ആസ്വദിക്കാനായി ഇവിടെയെത്തുന്നത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഒരു പ്രധാന തീരദേശ മേഖല കൂടിയാണിത്.
പൊഴിയൂരിലെ കുരിശടിയും എലിഫന്റ് റോക്കും ഫ്ളോട്ടിംഗ് റസ്റ്റോറന്റുകളും പൂവാറിലെത്തുന്ന സഞ്ചാരികളിൽ കൗതുകമുണർത്തുന്നതാണ്. നെയ്യാർ നദിയിലൂടെയും എ.വി.എം കനാലിലൂടെയും ചുറ്റുമുള്ള വിശാലമായ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബോട്ട് സവാരി ടൂറിസ്റ്റുകൾക്ക് മറക്കാനാവാത്ത അനുഭവമാണ് നൽകുന്നത്.
അപകട മേഖലയായി പൂവാർ പൊഴിമുഖം
പൂവാർ പൊഴിമുഖം അപകടസാദ്ധ്യതയുള്ള ഒരിടം കൂടിയാണ്. ശക്തമായ അടിയൊഴുക്കുകളും പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം ഇവിടെ മുൻപും ബോട്ട് അപകടങ്ങളും വള്ളം മറിയലുകളും മുങ്ങിമരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് എന്തെങ്കിലും അപകടമുണ്ടായാൽ സാധാരണ ബോട്ടുകളെയാണ് ആശ്രയിക്കുന്നത്.
ആലപ്പുഴ, കൊച്ചി തുടങ്ങിയ ജലാശയ മേഖലകളിൽ വാട്ടർ മെട്രോ വിജയകരമായി പ്രവർത്തനം തുടരുകയാണ്. പ്രാഥമിക ശുശ്രൂഷാ സൗകര്യങ്ങളും ഓക്സിജൻ സിലിണ്ടറുകളും അടങ്ങിയ ഒരു 'വാട്ടർ ആംബുലൻസ്' പൂവാർ ബ്രേക്ക് വാട്ടർ മേഖലയിൽ അടിയന്തരമായി അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിന്റെ സംഗമബിന്ധുവാണ് പൂവാറിലെ പൊഴിക്കര.ഇവിടത്തെ പ്രധാന വിനോദോപാധി ബോട്ട് സവാരിയാണ്.സഹ്യപർവത സാനുക്കളിൽ നിന്നുത്ഭവിച്ച് 56കിലോമീറ്റർ ദൂരം സഞ്ചരിച്ച് നെയ്യാർ നദി അറബിക്കടലിൽ ലയിക്കുന്നതിവിടെയാണ്.അനന്ത വിക്ടോറിയം മാർത്താണ്ഡവർമ്മ (എ.വി.എം) കനാൽ തമിഴ്നാട്ടിലേക്ക് കടക്കുന്നതും ഇവിടെ തൊട്ടുരുമ്മിയാണ്.
നദീതീരത്തെ തുരുത്തുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരിപ്പാർട്ടികളും അരങ്ങേറുന്നുണ്ട്. എന്നാൽ പൊലീസിനോ എക്സൈസിനോ സമയബന്ധിതമായി ഇവിടെയെത്തിപ്പെടാൻ കഴിയാറില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |