
കാട്ടാക്കട: നെയ്യാർഡാം മാൻപാർക്കിലെ മാനുകൾ തടവുചാടുന്നു. ഇവ ചാടിയെത്തുന്നത് ഏറെയും വേട്ടക്കാരുടെ കൈകളിലാണ്. ചിലത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ജീവൻ പൊലിയുന്നുമുണ്ട്. നെയ്യാർഡാമിലെ വ്ലാവെട്ടിയിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി 1994ൽ ആരംഭിച്ച മാൻപാർക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കാൻ തുടങ്ങിയ മാൻപാർക്കിൽ ഭക്ഷണം കിട്ടാതെ വേലിചാടുകയാണ് മാനുകൾ.
വനഭൂമിയിൽ പ്രത്യേക സ്ഥലം അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി സ്ഥാപിച്ച് തിരുവനന്തപുരം,തൃശൂർ മൃഗശാലകളിൽ നിന്ന് മാനുകളെ കൊണ്ടുവന്നാണ് പാർക്ക് സ്ഥാപിച്ചത്.
സഞ്ചാരികളുടെ പ്രിയപ്പെട്ട സങ്കേതമായി നെയ്യാറിനോട് തൊട്ടുരുമ്മി കിടക്കുന്നതാണ് മാൻപാർക്ക്. വിനോദസഞ്ചാരികൾക്കായി ബസ് സർവീസും നടത്തിയിരുന്നു.
അറ്റകുറ്റപണികൾ നടത്താതിനെ തുടർന്ന് നെയ്യാർ അണക്കെട്ടിന്റെ ഒരു തുരുത്തിൽ സ്ഥാപിച്ച പാർക്കിന്റെ കമ്പിവേലി തകർന്നു.സമയത്തിന് ഭക്ഷണം കിട്ടാതെ മാനുകൾ ഗതികെട്ട നിലയിലുമായി. തുടർന്നാണ് മാനുകൾ കമ്പിവേലിവഴി പുറത്തേക്ക് ചാടാൻ തുടങ്ങിയത്.
തടവുചാടുന്ന മാനുകൾ വേട്ടക്കാർ ഇറച്ചിയാക്കി വിൽക്കുന്നുണ്ട്. ഒരു സ്വകാര്യ എസ്‌റ്റേറ്റിനകത്ത് മാനിനെ കുരുക്കിട്ട് പിടിച്ചതും കൊന്നതും പ്രതികളെ പിടിച്ചതും വിവാദമായിരുന്നു. കഴിഞ്ഞ ദിവസവും മാൻ പാർക്കിൽ നിന്ന് വേലിചാടിയ ഒരു പുള്ളിമാനിനെ നയ്ക്കൾ കടിച്ചുകൊന്നു.പാർക്കിൽ പേരിനുമാത്രമാണ് പരിചരണവും കാവലും. അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് മാൻപാർക്ക്. തകരുന്നത് നെയ്യാറിലെ ഒരു ടൂറിസം പദ്ധതിയാണ്.
നാശത്തിന്റെ വക്കിൽ
മാനുകൾ പ്രസവിച്ച് എണ്ണം പെരുകിയതോടെ മാനുകളെ ഉൾകൊള്ളാനാകാത്ത നിലയിലായി ഇവിടം. അതിനിടെ സൂ അതോറിട്ടി ഓഫ് ഇൻഡ്യയുടെ നിയന്ത്രണങ്ങൾ പാർക്കിന് ഇടിത്തീയായി. അതോറിട്ടിയുടെ ചട്ടങ്ങൾക്ക് അനുസൃതമായി പാർക്ക് നവീകരിക്കേണ്ട നിലയിലായി വനം വകുപ്പ്. എണ്ണം കുറയ്ക്കാൻ പൂർണ്ണ വന്ധ്യംകരണം നടപ്പിലാക്കി. അതോടെ പ്രസവം നിന്നു. മാൻ പാർക്കിലേക്കുള്ള ഫണ്ടും വനംവകുപ്പ് കുറച്ചു. അതോടെ ഏതാണ്ട് നാശത്തിന്റെ വക്കിലായി മാൻപാർക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |