SignIn
Kerala Kaumudi Online
Friday, 18 September 2026 11.00 PM IST

മരച്ചീനിയെ കാർന്നുതിന്ന് വിലയിടിവെന്ന പെരുച്ചാഴി

photo

പാലോട്: മലയോര കർഷകന്റെ പ്രധാന വരുമാന സ്രോതസായ മരച്ചീനിക്കൃഷി വിലയിടിവിനെ തുടർന്ന് കൂപ്പുകുത്തുന്നു. കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളോട് മല്ലിട്ട് ലക്ഷങ്ങൾ ചെലവാക്കി കൃഷിയിറക്കിയവർക്കെല്ലാം മുടക്കുമുതൽ പോലും ലഭിക്കാത്ത നിലയായി. കൊവിഡിന് മുൻപ് 25 രൂപ മുതൽ 40 രൂപവരെ വില ലഭിച്ചിരുന്ന കപ്പ ഇന്ന് വിൽക്കുന്നത് 10-15 രൂപയ്ക്കാണ്. ഇതാണ് നൂറുമേനി വിളവ് ലഭിച്ചിട്ടും കർഷകരെ ദുരിതത്തിലാക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് വിപണിയിലുണ്ടായ മാന്ദ്യം കാരണം ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് വിളവെടുക്കാതെ കിടക്കുന്നത്.

പച്ച പാലുവള്ളി വിജയ മന്ദിരത്തിൽ രാജേന്ദ്രൻ നായർ-പ്രിയകുമാരി ദമ്പതികൾ രണ്ടര ഏക്കറിലാണ് മരച്ചീനി കൃഷി ചെയ്തത്. ഏകദേശം 5000 മൂട് മരച്ചീനിയാണ് ഇവിടെയുള്ളത്. ഇവയെ വന്യമൃഗശല്യത്തിൽ നിന്ന് രക്ഷിക്കാൻ സംരക്ഷണവേലി സ്ഥാപിക്കുന്നതിന് മാത്രം ഏകദേശം മൂന്ന് ലക്ഷം രൂപയോളം ചെലവായി. മരച്ചീനി വിലയ്ക്കെടുക്കാൻ ആരും എത്താത്തതിനാൽ 5 ലക്ഷം രൂപയോളമാണ് ആകെ നഷ്ടം.

മീൻമുട്ടി എസ്.എസ് ഭവനിൽ സുരേന്ദ്രന്റെ 2200 മൂട് മരച്ചീനിയും ഇതേ അവസ്ഥയിലാണ്. കിലോയ്ക്ക് 10 രൂപ കിട്ടിയാലും മരച്ചീനി വിറ്റഴിച്ച് നഷ്ടം കുറയ്ക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഇത്തരത്തിൽ നൂറുകണക്കിന് കർഷകരാണ് ജില്ലയിൽ ഉടനീളമുള്ളത്. പലരും വായ്പയെടുത്താണ് കൃഷിയിറക്കിയതെന്നത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്. തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയുടെ നടുവിലാണ് ഇവരിൽ പലരും.

വിലനിലവാരം

മുൻപ്: 25- 40രൂപ

ഇപ്പോൾ: 10-15 രൂപ

കൃഷിക്ക് പറ്റിയ മണ്ണ്

കുറഞ്ഞ പരിചരണം മതിയെന്നതാണ് പല കർഷകരേയും കപ്പക്കൃഷിയിലേക്ക് അടുപ്പിക്കുന്നത്. മലയോര മേഖലയിലെ മണ്ണാകട്ടെ കൃഷിക്ക് വളരെ അനുയോജ്യവും. പുരയിടത്തിൽ ചില്ലറ കൃഷി നടത്തുന്നവർ മുതൽ വീടിന്റെ ടെറസിലും മുറ്റത്തുംവരെ കൃഷിയിറക്കുന്നവരുമുണ്ട്. സെപ്തംബർ, ഒക്ടോബർ മാസത്തിലാണ് കപ്പ ഇടേണ്ട സമയം. എന്നാൽ വിളഞ്ഞുപാകമായ കപ്പ കച്ചവടമാകാത്തിനാൽ ഇനിയെന്തെന്ന ആശങ്കയിലാണ് വൻകിട കർഷകർ.

പ്രധാന കപ്പ ഇനങ്ങൾ

മലയൻ

റൊട്ടിക്കപ്പ

ഏത്തക്കപ്പ

പതിനെട്ട്

പുല്ലാനികപ്പ

ആമ്പക്കാടൻ

ആനമറവൻ

കട്ടൻകപ്പ

"സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാകമായ മരച്ചീനി ഏറ്റെടുക്കണം. ഇത് വ്യവസായികാടിസ്ഥാനത്തിൽ ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുന്ന ഏജൻസികൾക്ക് നൽകിയാൽ മാത്രമേ കർഷകർക്ക് പ്രയോജനപ്പെടുകയുള്ളൂ."

ശ്രീജിത്ത് പവ്വത്തൂർ,

ഗ്രാമാമൃതം കോ- ഓർഡിനേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL