SignIn
Kerala Kaumudi Online
Friday, 18 September 2026 7.18 PM IST

ശിശുദിനാഘോഷം: 'കുട്ടി നേതാക്കൾ" തീവ്രപരിശീലനത്തിൽ

c

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ഓഫീസിലെത്തിയാൽ 'കുട്ടി നേതാക്കളുടെ ' പ്രസംഗം കേൾക്കാം. കേൾക്കുന്നവരെ പിടിച്ചിരുത്തുന്ന ആവേശത്തിൽ കുരുന്നുകൾ കസറുകയാണ്. 14ന് നടക്കുന്ന ശിശുക്ഷേമസമിതിയുടെ ശിശുദിന പരിപാടികൾ നയിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പരിശീലനവേദിയിലാണ് ഈ കാഴ്‌ചകൾ.

കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നിധി .പി.എ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസുകാരിയും കേരളകൗമുദി കാർട്ടൂണിസ്‌റ്റ് ടി.കെ. സുജിത്തിന്റെയും അഡ്വ. നമിതയുടെയും മകളായ ഉമ .എസ്, സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദേവകി .ഡി.എസ്, സ്വാഗത പ്രാസംഗിക കവടിയാർ ക്രൈസ്‌റ്റ് നഗർ സെൻട്രൽ സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി മിന്നാ രഞ്ജിത്ത്, നന്ദി പ്രാസംഗികയായ കവടിയാർ നിർമ്മലാഭവൻ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ധ്വനി ആഷ്‌മി എന്നിവരാണ് പരിശീലനം നടത്തുന്നത്.

അദ്ധ്യാപകനായ പള്ളിപ്പുറം ജയകുമാറാണ് പരിശീലകൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ ദൂരദർശനു വേണ്ടി പരിഭാഷപ്പെടുത്തുന്നതും ഇദ്ദേഹമാണ്. കഴിഞ്ഞ ഏഴുവർഷമായി ജയചന്ദ്രനാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. രണ്ടാഴ്ച നീളുന്ന പരിശീലനമാണ് ഇവിടെയുള്ളത്. സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ, കവി ഡോ. ബിജു ബാലകൃഷ്ണൻ, പള്ളിപ്പുറം ജയകുമാർ എന്നിവരടങ്ങിയ ജൂറിയാണ് കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തത്.

14ന് തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ സംസ്ഥാനതല ഓൺലൈൻ പൊതുയോഗം നിധി ഉദ്ഘാടനം ചെയ്യും. ഉമ അദ്ധ്യക്ഷയാകും. ദേവകി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്ജ്, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ശിശുദിന സന്ദേശം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL