വടക്കാഞ്ചേരി: ബസിൽ കയറ്റണമെന്ന് യാചിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യം വൈറലായതോടെ യാത്ര നിഷേധിച്ച കണ്ടക്ടർക്കെതിരെ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരി ക്ലേലിയ ബാർബിയേറി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ട് കുട്ടികളെ ബസിൽ കയറ്റാതിരുന്ന വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിലെ മെജോമോൻ ബസിലെ കണ്ടക്ടർ മംഗലം സ്വദേശി ദാസന്റെ (52) ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയെടുത്തതായി വടക്കാഞ്ചേരി സബ് ആർ.ടി ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സെന്തിൽ കേരളകൗമുദിയോട് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികളുടെ വൈറൽ ദൃശ്യത്തിന് അടിസ്ഥാനമായ സംഭവം വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അരങ്ങേറിയത്. പത്താം ക്ലാസുകാരനായ ഒന്നാം കല്ല് സ്വദേശി സയാൻ കൈകൂപ്പി അപേക്ഷിക്കുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് കണ്ടക്ടറെ സബ് ആർ.ടി ഓഫീസിലേക്ക് ഇന്നലെ വിളിച്ചുവരുത്തി ലൈസൻസ് കണ്ടുകെട്ടി, രേഖാമൂലം വിശദീകരണം തേടി.
സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് നീക്കം. ശിക്ഷാനടപടികളുടെ ഭാഗമായി ദാസനെ എടപ്പാളിലെ മോട്ടോർ വാഹനവകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ അഞ്ചുദിവസത്തെ ട്രെയിനിംഗിന് അയക്കുമെന്നും സെന്തിൽ അറിയിച്ചു
നിയമലംഘനം പതിവുകാഴ്ച
വടക്കാഞ്ചേരി: നഗരസഭയുടെ കെ. കരുണാകരൻ സ്മാരക ബസ് സ്റ്റാൻഡിൽ ബസിൽ കയറണമെങ്കിൽ കണ്ടക്ടർമാരുടെ ഇന്റർവ്യൂ പാസാകണമെന്നാണ് വിദ്യാർത്ഥികളുടെ പരാതി. വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരാണ് ഡോറിന് മുൻപിൽ വഴിയടച്ച് വിദ്യാർത്ഥികളെ പെരുവഴിയിലാക്കുന്നത്.
സ്റ്റാൻഡിലെ ബസിൽ കയറാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. മഴയും വെയിലും കൊണ്ട് പുറത്തുനിൽക്കണം. ബസ് പുറപ്പെടുമ്പോൾ പരമാവധി നാല് പേരെ കയറ്റും. ബാക്കിയുള്ളവരെ തള്ളിപ്പുറത്താക്കും. വൈകീട്ട് നാല് മുതൽ ആറ് വരെയുള്ള സമയത്താണ് പരസ്യമായ നിയമലംഘനം.
'യാത്രാവകാശം സംരക്ഷിക്കപ്പെടണം"
തൃശൂർ: വിദ്യാർത്ഥികളുടെ യാത്രാവകാശം ഹനിക്കപ്പെടുമ്പോൾ പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിഷ്ക്രിയരാകുന്നതും ബസുടമകൾക്ക് ഒത്താശ ചെയ്യുന്നതും വെല്ലുവിളിയാണെന്ന് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.എസ്. അഭിറാം, സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം തൃശൂർ വടക്കെ ബസ് സ്റ്റാൻഡിൽ ഉണ്ടായത് പുതിയ സംഭവമല്ല. ശക്തൻ - വടക്കെ സ്റ്റാൻഡുകളിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരിക്കുന്നതും മോശമായി പെരുമാറുന്നതും പതിവാണ്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന മോട്ടോർ വാഹന വകുപ്പും പൊലീസും കുടപിടിക്കുകയാണെന്നും ആരോപിച്ചു.
ബസുകൾ തടഞ്ഞ് പ്രതിഷേധം
വടക്കാഞ്ചേരി: വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാതെ യാത്രാസ്വാതന്ത്ര്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നഗരസഭാ ബസ് സ്റ്റാൻഡിൽ ബസുകൾ തടഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധം. വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ പൊതുയോഗം ജില്ലാ സെക്രട്ടറി ടി. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എ. അഖിൽ അദ്ധ്യക്ഷനായി. പി.എസ്. സുബില, യു.എസ്. റിതിൻ, സാഞ്ചോ തോമസ്, കെ.എം. അൻഷാദ്, അതുല്യചന്ദ്രൻ, ടി.എ. അമൽദേവ്, കെ.ബി. മാധവ് സൂര്യ, ഇ. ആര്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |