തൃശൂർ: പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ തകർന്ന ആരോഗ്യവകുപ്പിനെ മെച്ചപ്പെടുത്തലാണ് യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ദൗത്യമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. തൃശൂർ ഡി.സി.സി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധി നിയന്ത്രണം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായും ഏതു സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരുമാസം കൊണ്ട് മാറ്റമുണ്ടാക്കാൻ അത്ഭുതവിളക്കില്ലെന്നും സർക്കാർ ആശുപത്രികളെ സ്വകാര്യ നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി. എൽ.ഡി.എഫ് ആദ്യ വിഹിതം കൈപ്പറ്റിയ പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ല. കോൺഗ്രസിന്റെ നെടുംതൂണായ തൃശൂരിന് പഴയ ഊർജം വീണ്ടെടുക്കാനാണ് യു.ഡി.എഫ് മന്ത്രിസ്ഥാനം നൽകിയത്. 2024ൽ നഷ്ടപ്പെട്ടവ ഉൾപ്പെടെ ജില്ലയിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും സമ്പൂർണ ആധിപത്യം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡി.സി.സി ഓഫീസിലെത്തിയ കെ. മുരളീധരനെ പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഷാൾ സ്വീകരിച്ചു. സമ്മേളനത്തിൽ ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, എം.കെ. അബ്ദുൽസലാം, കെ.വി. ദാസൻ, മേയർ നിജി ജസ്റ്റിൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ടി.യു. ഉദയൻ, സി.ഒ. ജേക്കബ്, ഐ.പി. പോൾ, കെ.കെ. ബാബു, പി.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |