
തൃശൂർ: ഡീസൽ വിലവർദ്ധനവും പ്രിയദർശിനി സൗജന്യയാത്രയും കാരണം ജില്ലയിലെ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ നൂറോളം ബസ് സർവീസുകളാണ് നിറുത്തിവച്ചത്. ഇതോടെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം 1300ൽ നിന്ന് 1200ആയി കുറഞ്ഞു. ഞായറാഴ്ചകളിൽ മിക്ക റൂട്ടുകളിലും സർവീസുകൾ പൂർണമായും മുടങ്ങുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. നഷ്ടം കാരണമാണ് ഞായറാഴ്ചകളിൽ സർവീസ് നടത്താത്തതെന്നാണ് ബസുടമകളുടെ വാദം. നിലവിൽ ലാഭകരമായ ട്രിപ്പുകൾ മാത്രമാണ് പലരും ഓടിക്കുന്നത്. 6ട്രിപ്പുകൾ ഉണ്ടായിരുന്ന പല ബസുകളും സർവീസ് നാലായും,4 ട്രിപ്പുകൾ ഉള്ളവ രണ്ടായും കുറച്ചിട്ടുണ്ട്.
നികുതിയിളവ് മാത്രം പോര
സർവീസ് നിറുത്താൻ ഭൂരിഭാഗം ഉടമകളും തീരുമാനിച്ചിരുന്നെങ്കിലും സർക്കാർ നികുതി കുറച്ചതോടെ ചിലർ പിന്തിരിഞ്ഞിട്ടുണ്ട്. എന്നാൽ പ്രതിദിനം 2000 മുതൽ 3000 രൂപ വരെ നഷ്ടം നേരിടുമ്പോൾ, നികുതിയിളവിലൂടെ 100-130 രൂപയുടെ ആശ്വാസം മാത്രമേ ഇതുവഴി ലഭിക്കൂവെന്ന് ഉടമകൾ പറയുന്നു.
തൊഴിൽ നഷ്ടപ്പെട്ട് ജീവനക്കാർ
10,000ത്തോളം തൊഴിലാളികളിൽ പകുതിയിലേറെ പേർക്കും ഇതിനകം തൊഴിൽ നഷ്ടപ്പെട്ടു. 3ജീവനക്കാർ ഉണ്ടായിരുന്ന ബസുകളിൽ ഇപ്പോൾ 2പേർ മാത്രമാണുള്ളത്. 1300-1500 നിത്യവേതനമുണ്ടായിരുന്ന ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പ്രതിദിന വേതനം വരുമാനം കുറഞ്ഞതോടെ 500-800 രൂപയായി ചുരുങ്ങി. ക്ലീനർമാരെ പൂർണമായി ഒഴിവാക്കിയത് ബസുകളുടെ അറ്റകുറ്റപ്പണികളെയും പ്രായമായവരുടെയും വിദ്യാർത്ഥികളുടെയും യാത്രാ സുരക്ഷിതത്വത്തെയും ബാധിച്ചിട്ടുണ്ട്.
കുറയുന്ന ബസുകൾ
കൊവിഡിന് മുൻപ്: 1500 ബസുകൾ
രണ്ടാഴ്ച മുൻപ് വരെ: 1300 ബസുകൾ
ഇപ്പോൾ: 1200 ബസുകൾ
(രണ്ടാഴ്ചയ്ക്കിടെ 100 എണ്ണം കുറഞ്ഞു)
പ്രതിസന്ധിക്ക് കാരണം
1. ഡീസൽ വിലവർദ്ധനവ്
2. കെ.എസ്.ആർ.ടി.സിയിലെ സ്ത്രീസൗജന്യയാത്ര
3. സ്‌പെയർപാർട്‌സ്,ടയർ,ഇൻഷ്വറൻസ് എന്നിവയുടെ വിലക്കയറ്റം
4. പ്രതിദിനം 2000- 3000 വരെ വരുമാന നഷ്ടം
പൂർണമായും ബാധിച്ച ഠൂട്ടുകൾ
തൃശൂർ- പാലക്കാട്
തൃശൂർ- ഗുരുവായൂർ
തൃശൂർ- കോഴിക്കോട്
എറണാകുളം- ഗുരുവായൂർ
ഗുരുവായൂർ- കൊടുങ്ങല്ലൂർ
ഗുരുവായൂർ- പാലക്കാട്
50% ബാധിച്ച റൂട്ടുകൾ
തൃശൂർ- തൃപ്രയാർ
വാടാനപ്പള്ളി
മെഡി.കോളേജ്
തൃശൂർ- ആമ്പല്ലൂർ
കൊടകര- മാള
ചാലക്കുടി- മാള
13ന് ഗതാഗത മന്ത്രിയെ ബസുടമകൾ നേരിട്ട് കാണുന്നുണ്ട്. സ്ത്രീയാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി നൽകുന്നത് പോലെ സ്വകാര്യ യാത്രയ്ക്കും തുക അനുവദിക്കണമെന്നാണ് ആവശ്യം.
വി.എസ്.പ്രദീപ്, ബസ് ഓപ്പറേറ്റേഴ്‌സ് അസോ.ജില്ലാ ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |