SignIn
Kerala Kaumudi Online
Friday, 10 July 2026 2.12 AM IST

നാലമ്പല തീർത്ഥാടനം: പ്രത്യേക പാക്കേജുമായി കൊച്ചിൻ ദേവസ്വം

s

തൃശൂർ: കർക്കടകത്തിലെ നാലമ്പല തീർത്ഥാടനത്തിന് പ്രത്യേക പാക്കേജുകളുമായി കൊച്ചിൻ ദേവസ്വം ബോർഡ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനത്തിനെത്തുന്നവർക്ക് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തൃശൂർ,പാലക്കാട് ജില്ലകളിലെ നാലമ്പലങ്ങളെ ബന്ധിപ്പിച്ച് യാത്രാ സൗകര്യവും ബോർഡ് പ്രഖ്യാപിച്ചു.പ്രസിഡന്റ് കെ.രവീന്ദ്രൻ, സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ.


തൃപ്രയാർ ക്ഷേത്രത്തിൽ

കൂടുതൽ ഭക്തരെത്തുന്ന തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും സുഗമദർശനത്തിനുമായി ക്യൂ നിൽക്കാൻ വലിയ പന്തലുകൾ നിർമ്മിച്ചു. ക്യൂ സിസ്റ്റത്തിൽ ഇരിപ്പിടവുമുണ്ട്. ചുക്കുകാപ്പിയും ചുക്കുവെള്ളവും വിതരണം ചെയ്യും. സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ സഹായം, പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് എന്നിവയുമുണ്ടാകും. പകർച്ചവ്യാധികൾ തടയാൻ ഫോഗിംഗ് നടത്തും. ക്ഷേത്രപരിസരം, കംഫർട്ട് സ്റ്റേഷൻ, സത്രം പറമ്പ്, പുഴയ്ക്കടവ്, പാർക്കിംഗ് ഗ്രൗണ്ട് എന്നിവ വൃത്തിയാക്കാനും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ

സി.സി.ടി.വി ക്യാമറകളും കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെയും പൊലീസ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ സഹായവും ടോയ്‌‌ലെറ്റ്, കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നാലമ്പല തീർത്ഥാടന യാത്രകൾ

തൃശൂർ,പാലക്കാട് ജില്ലകളിലെ പ്രധാന നാലമ്പലങ്ങളെ കോർത്തിണക്കി യാത്രാസൗകര്യവും ബോർഡ് ഒരുക്കുന്നുണ്ട്. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 450 രൂപയാണ് ടിക്കറ്റ് നിരക്ക്.


യാത്രാ റൂട്ടുകൾ:

തൃശൂർ റൂട്ട്: ശ്രീവടക്കുന്നാഥൻ ക്ഷേത്രം ശ്രീമൂലസ്ഥാനത്തു നിന്നും രാവിലെ 6.45ന് പുറപ്പെട്ട് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ശ്രീകൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി തിരികെ വടക്കുന്നാഥ സന്നിധിയിൽ എത്തും.

പാലക്കാട് റൂട്ട്: തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം, പുൽപുരമന്ദം ഭരതക്ഷേത്രം, ശ്രീലക്ഷ്മണപെരുമാൾ ക്ഷേത്രം, കൽക്കുളം ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും പ്രത്യേക യാത്രകൾ ഉണ്ടാകും.

 തീയതികൾ:

ജൂലായ് 19, 26, ആഗസ്റ്റ് 2, 8, 9, 15, 16 എന്നീ ദിവസങ്ങളിലാണ് യാത്രകൾ.

 ബുക്കിംഗിന്
വടക്കുന്നാഥൻ ക്ഷേത്രം, കുളശ്ശേരി ക്ഷേത്രം, താണിക്കുടം ക്ഷേത്രം, അശോകേശ്വരം ക്ഷേത്രം, വെളപ്പായ ക്ഷേത്രം, കുറുമാലിക്കാവ് ക്ഷേത്രം, മുളങ്കുന്നത്തുകാവ് ക്ഷേത്രം, പൂങ്കുന്നം ക്ഷേത്രം, കടവല്ലൂർ ക്ഷേത്രം, തായങ്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ സീറ്റ് ബുക്ക് ചെയ്യാം. സംഘമായി ദർശനം നടത്താൻ 49 സീറ്റ്, 24 സീറ്റ് വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL