
തൃശൂർ: നഗരത്തിലെ കുരുക്ക് ഒഴിവാക്കാനുള്ള പ്രധാന മാർഗ്ഗമായ എം.ജി.റോഡ് വികസനം എന്ന് നടക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നീളുന്നു. പണം നൽകി സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്ന് കോർപ്പറേഷൻ ഭരണസമിതി തീരുമാനിച്ചതോടെയാണ് പദ്ധതി വഴിമുട്ടിയത്. നിരവധിപേരിൽ നിന്നായി ഏകദേശം 160 സെന്റ് ഭൂമിയാണ് എം.ജി റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ ചില ഭൂവുടമകൾ സൗജന്യമായി ഭൂമി നൽകാൻ തയ്യാറായിരുന്നു. ചിലർ മാത്രമാണ് തുക ആവശ്യപ്പെട്ടത്. ഇവരുടെ ഭൂവില നിശ്ചയിക്കാൻ കഴിഞ്ഞ ഭരണസമിതി കളക്ടർക്ക് കത്ത് നൽകി നടപടികൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ തുക നൽകി ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ പദ്ധതി വീണ്ടും തുലാസിലായി.
ഇനി 3 ഘട്ടങ്ങൾ
എം.ജി.റോഡ് വികസനത്തിന്റെ 3കടമ്പകൾ മാത്രമാണിനി ബാക്കി. പടിഞ്ഞാറെക്കോട്ട ജംഗ്ഷൻ മുതൽ ശങ്കരയ്യ റോഡ് ജംഗ്ഷൻ വരെ ആദ്യഘട്ടം,ശങ്കരയ്യ റോഡ് മുതൽ കോട്ടപ്പടി റെയിൽവേ മേൽപ്പാലം വരെ രണ്ടാം ഘട്ടം,പിന്നീട് മൂന്നാം ഘട്ടത്തിൽ കോട്ടപ്പുറം മുതൽ നടുവിലാൽ വരെ എന്നിങ്ങനെയാണ് നിർമ്മാണം മുൻപ് നിശ്ചയിച്ചിരുന്നത്. ആദ്യഘട്ട വികസനത്തിന് നിലവിൽ തടസമൊന്നും ഇല്ലെന്നിരിക്കെ ഈ പ്രവൃത്തികളും ഇതേവരെ തുടങ്ങിയിട്ടില്ല. 2021ൽ മേയറായിരുന്ന എം.കെ.വർഗീസും വ്യാപാരി പ്രതിനിധികളും സംയുക്ത വാർത്താസമ്മേളനം നടത്തി ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്.
പുനരധിവാസ പാക്കേജ്
കടകൾ പൂർണമായി പൊളിച്ചുമാറ്റേണ്ടി വരുന്ന 10വ്യാപാരികൾക്ക് ശക്തൻ നഗറിലെ അശോക ഇന്നിന് എതിർവശത്ത് താത്കാലിക കടമുറികൾ നിർമ്മിച്ച് നൽകുമെന്ന് മുൻപ് വാഗ്ദാനം നൽകിയിരുന്നു. ആദ്യം എതിർപ്പുകളുണ്ടായിരുന്നെങ്കിലും കൗൺസിലർമാരുടെ സമിതി വ്യാപാരികളുമായി ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്.
എം.ജി റോഡ്
നഗരഹൃദയത്തെ ബന്ധിപ്പിക്കുന്ന പാതയുടെ നീളം: 1 കിലോമീറ്റർ
പടിഞ്ഞാറെക്കോട്ട - ശങ്കരയ്യ റോഡ് (പാറയിൽ) ജംഗ്ഷൻ: 25 മീറ്റർ വീതി
ശങ്കരയ്യ റോഡ് - സ്വരാജ് റൗണ്ട് വരെ: 21 മീറ്റർ (മുൻപ് നിശ്ചയിച്ചത് 23 മീറ്റർ)
പൂർത്തിയായത്: പടിഞ്ഞാറെക്കോട്ട മുതൽ കളക്ടറേറ്റ് വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |