തൃശൂർ: ഗുരുവായൂരിൽ 65വയസുകാരിയെ പീഡനത്തിനിരയാക്കി കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ചോദ്യം ചെയ്യൽ ദൃശ്യങ്ങൾ പുറത്തുവിട്ടത് വിവാദമായതോടെ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടു. ടെമ്പിൾ പൊലീസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലൂടെ പുറത്തുവിട്ട ദൃശ്യങ്ങൾ എഫ്.ബിയിലും യൂട്യൂബിലും പ്രചരിക്കുകയായിരുന്നു. രക്ഷപ്പെടാനായി പ്രതി ഇരയെ മോശമായി ചിത്രീകരിച്ച് നൽകുന്ന മൊഴികൾ അന്തിമ നിഗമനത്തിലെത്തും മുൻപേ പൊലീസ് പ്രചരിപ്പിച്ചത് കൊല്ലപ്പെട്ട വയോധികയുടെ സ്വകാര്യതാ ലംഘനത്തിന് കാരണമായി. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ ചേലക്കര വില്ലടം സ്വദേശി സന്താനവല്ലിയെ (65) കഴിഞ്ഞ ഒമ്പതാം തീയതി മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രതിയായ പെരുമ്പാവൂർ സ്വദേശി സുരേഷ് (55) പരിചയപ്പെട്ടത്. എളുപ്പത്തിൽ ദർശനം നടത്താമെന്ന് വിശ്വസിപ്പിച്ച് വയോധികയെ കർണംകോട്ട് ബസാറിലെ വാടകവീട്ടിലെത്തിച്ചു. തുടർന്ന് മദ്യപിച്ചെത്തി പീഡനം നടത്തുന്നതിനിടെ തറയിൽ തലയിടിച്ചു വീണ് ബോധരഹിതയായ വയോധിക മരിച്ചെന്ന് കരുതി കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ താഴ്ത്തുകയായിരുന്നു. മറ്റൊരു കേസിൽ പ്രതിയായതിനെ തുടർന്ന് ഗുരുവായൂരിൽ ഒളിവിൽ കഴിയുകയായിരുന്നു ചുമട്ടുതൊഴിലാളിയായ സുരേഷ്. ശനിയാഴ്ച രാത്രി സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പ്രതി കൊലപാതകവിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മരണം വെള്ളത്തിൽ മുങ്ങിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഗുരുവായൂരിൽ 65 കാരിയായ സന്താനവല്ലി മരിച്ച സംഭവത്തിൽ മരണം വെള്ളത്തിൽ മുങ്ങിയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബോധരഹിതയാക്കിയ ശേഷം ഇവരെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മൽപ്പിടുത്തത്തിനിടെ കഴുത്തിൽ അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളും ശരീരത്തിലുണ്ട്. അതേസമയം, ബലാത്സംഗം നടന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി നിലവിൽ കസ്റ്റഡിയിലുള്ള പ്രതി പെരുമ്പാവൂർ രായമംഗലം സ്വദേശി സുരേഷിനെ (55) ടെമ്പിൾ പൊലീസ് സി.ഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |