SignIn
Kerala Kaumudi Online
Sunday, 26 July 2026 3.33 AM IST

ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകൾ

photo

തൃശൂർ: നിരന്തരം അപകടങ്ങളുണ്ടായിട്ടും ഹൈക്കോടതി താക്കീത് നൽകിയിട്ടും തൃശൂർ ജില്ലയിലും നഗരപ്രദേശങ്ങളിലും സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടരുന്നു. നഗരവീഥികളിൽ തലങ്ങും വിലങ്ങും ചീറിപ്പായുന്ന ബസുകൾ മൂലം കാൽനട-വാഹനയാത്രക്കാർ ഭീതിയിലാണ്. നേരത്തെ പൊലീസും മോട്ടോർ വാഹന വകുപ്പും ഇന്റൻസീവ് പരിശോധന നടത്തുമ്പോൾ ബസുകളുടെ ഓട്ടപ്പാച്ചിലിന് താത്കാലിക ആശ്വാസമുണ്ടാകാറുണ്ട്. കാക്കി യൂണിഫോം ധരിക്കാത്തത് മുതൽ വാഹനങ്ങൾ തടഞ്ഞുനിറുത്തി വേഗത പരിശോധിക്കുന്നത് വരെയുള്ള കർശന നടപടികൾ മുമ്പ് കുറച്ചൊക്കെ ഫലം കണ്ടിരുന്നു. എന്നാൽ, നിലവിൽ പരിശോധന മന്ദഗതിയിലായതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായി.

തർക്കവും കൈയേറ്റവും

മത്സരയോട്ടത്തിനൊപ്പം ബസ് ജീവനക്കാർ തമ്മിലുള്ള തർക്കങ്ങളും നഗരത്തിൽ അതിരുവിടുകയാണ്. അപകടങ്ങളുണ്ടായാൽ മറ്റ് വാഹന ഉടമകളോട് തർക്കത്തിലേർപ്പെടുക, അസഭ്യം പറയുക, ചെറുവാഹനങ്ങളിൽ തട്ടിയിട്ട് നിറുത്താതെ പോവുക എന്നിവ പതിവു കാഴ്ചയാണ്. ജീവനക്കാർ റോഡിന് നടുവിൽ ബസുകൾ നിറുത്തിയിട്ട് തർക്കിക്കുന്നതോടെ തിരക്കേറിയ റോഡുകൾ കടുത്ത ഗതാഗതക്കുരുക്കിലാവുകയാണ്. പലപ്പോഴും കൈയേറ്റത്തിൽ കലാശിക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ പൊലീസ് എത്തേണ്ടി വരും.


രക്ഷയില്ലാതെ ചെറുവണ്ടികൾ

ബൈക്ക്, സ്‌കൂട്ടർ, ഓട്ടോറിക്ഷ, സൈക്കിൾ തുടങ്ങിയ ചെറിയ വാഹനങ്ങളെ സ്വകാര്യ ബസുകൾ ഇടിക്കുന്നത് പതിവാണ്.
അതേസമയം, സ്വകാര്യ ബസുകളോട് കിടപിടിക്കുന്ന രീതിയിലാണ് പലപ്പോഴും കെ.എസ്.ആർ.ടി.സി ബസുകളുടെ പാച്ചിൽ. ഹോൺ പോലും മുഴക്കാതെയാണ് പലപ്പോഴും ഇവ നഗരത്തിലൂടെ ചീറിപ്പായുന്നത്.


ഒടുവിലത്തെ ഇര ജെൻസി

കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ അപകടമാണ് ബസുകളുടെ മത്സരയോട്ടത്തിന്റെ ഒടുവിലത്തെ ഇര. രണ്ട് സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരഓട്ടവും റോഡിന് നടുവിൽ ബസ് നിറുത്തിയിട്ടതുമാണ് അപകടത്തിന് കാരണമായത്.
ചിയ്യാരത്തുനിന്ന് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന അരിമ്പൂർ സ്വദേശിനി ജെൻസിയുടെ സ്‌കൂട്ടറിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസിയുടെ കൈയിലെ മുറിവിൽനിന്ന് മജ്ജ പുറത്തുവരുന്ന അവസ്ഥയുണ്ടായി. നിലവിൽ ഇവർക്ക് പ്ലാസ്റ്റിക് സർജറി നടത്തേണ്ട സാഹചര്യത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL