
ഫാഷൻ ഷോ പൊളിച്ചടക്കി ' സെവന്റി പ്ലസ് 'പിള്ളേർ
തൃശൂർ: തേക്കിൻക്കാട് മൈതാനിയിൽ ക്രൈസ്റ്റ് കോളേജിലെ 'തവനിഷ്' സംഘടന മുതിർന്ന പൗരന്മാർക്കായി 'നിറം' ഫാഷൻ ഷോ സംഘടിപ്പിച്ചു. മത്സരത്തിൽ രാമവർമ്മപുരം ഗവ.ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾ നാല് പുരസ്‌കാരങ്ങൾ നേടി. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഈ സ്ഥാപനത്തിലെ 70 വയസ് പിന്നിട്ട ആറുപേരാണ് മത്സരത്തിൽ പങ്കെടുത്തത്. റാംപ് വാക്ക്, സ്വയം പരിചയപ്പെടുത്തൽ, ടാലന്റ് റൗണ്ട് എന്നീ മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ പൊതുജനങ്ങളും വിവിധ വൃദ്ധസദനങ്ങളിൽ നിന്നുള്ളവരുമുൾപ്പെടെ 76 പേർ പങ്കെടുത്തു.
ഗവ. ഓൾഡ് ഏജ് ഹോമിനെ പ്രതിനിധീകരിച്ച 74കാരിയായ വത്സല 'മിസിസ് ഫീമെയിൽ ഫാഷൻ ഐക്കൺ' ആയി തിരഞ്ഞെടുക്കപ്പെട്ടു. 10,000 രൂപയും കിരീടവും മൊമെന്റോയുമാണ് സമ്മാനം. 72കാരനായ ശശി ഒന്നാം റണ്ണർ അപ്പായി 7,500 രൂപയും മൊമെന്റോയും കരസ്ഥമാക്കി. 75കാരിയായ കുഞ്ഞുമോൾ രണ്ടാം റണ്ണർ അപ്പായി 5,000 രൂപയും മൊമെന്റോയും നേടി. 70കാരനായ മോഹൻ 'ബെസ്റ്റ് പെർഫോർമർ' പുരസ്‌കാരത്തിന് അർഹനായി.
74കാരനായ മോഹനൻ, 70കാരനായ വിജയകുമാർ എന്നിവരും മത്സരത്തിൽ പങ്കെടുത്തു. കഴിഞ്ഞ വർഷവും വത്സല, മോഹൻ എന്നിവർ പ്രധാന പട്ടങ്ങൾ നേടിയിരുന്നു. എന്റെ കേരളം പരിപാടിയിൽ ഇവർ അവതരിപ്പിച്ച നാടകം ഏറെ ശ്രദ്ധനേടിയിരുന്നു. വാർദ്ധക്യത്തെ ശപിക്കാതെ 17ന്റെ ചെറുപ്പവുമായാണ് തങ്ങൾ റാംപിലെത്തിയതെന്ന് ഈ അച്ഛനമ്മമാർ തെളിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |