
കൊടുങ്ങല്ലൂർ: ട്രോളിംഗ് നിരോധനം അവസാനിച്ചു. ആർപ്പു വിളികളോടെ ബോട്ടുകൾ കടലിലേക്ക് തിരിച്ചു. മാനത്ത് വർണവിസ്മയം തീർത്ത കരിമരുന്ന് പ്രയോഗത്തോടെയും താളമേളങ്ങളോടെയുമാണ് അലങ്കരിച്ചു നിറുത്തിയ ബോട്ടുകൾ വെള്ളിയാഴ്ച അർദ്ധരാത്രി കടലിലേക്ക് പുറപ്പെട്ടത്. 52 ദിവസത്തെ കാത്തിരിപ്പാനൊടുവിൽ ബോട്ടുകളിലെ തൊഴിലാളികൾ വെള്ളിയാഴ്ച രാവിലെ മുതൽ ഉത്സാഹത്തിലായിരുന്നു. ഇതോടെ മുനമ്പം, അഴീക്കോട് ഹാർബറുകൾ ഇടവേളയ്ക്കു ശേഷം വീണ്ടും ഉണർന്നു.
ബോട്ടുകൾ അലങ്കരിക്കാനുള്ള തിരക്കായി. ഐസ് ബ്ലോക്കുകൾ നിറച്ചു തുടങ്ങി. വലിയ ബോട്ടുകളിൽ 500 ബ്ലോക്ക് ഐസ് വരെ നിറച്ചിട്ടുണ്ട്. ഒരാഴ്ചയോളം കടലിൽ തങ്ങേണ്ടതിനാൽ 5000 ലിറ്റർ ഇന്ധനവും നിറച്ചു. ചെറിയ ബോട്ടുകളും കടലിൽ പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. നല്ല മഴ ലഭിക്കുകയും കടലിലെ താപനില താഴുകയും ചെയ്തതോടെയാണ് മീൻ കൊയ്ത്തിൽ തൊഴിലാളികൾ പ്രതീക്ഷ വച്ചിരിക്കുന്നത്. 52 ദിവസം മുമ്പ് ബോട്ടുകൾ കരയിലേക്കടുപ്പിച്ച ശേഷം കന്യാകുമാരിയിലെ കുളച്ചിൽ അടക്കുമുള്ള നാടുകളിലേക്ക് പോയ തൊഴിലാളികൾ ഒരാഴ്ച മുമ്പേ അഴീക്കോടും മുനമ്പത്തും ചാവക്കാടുമെല്ലാം എത്തിയിരുന്നു. ട്രോളിംഗ് കാലയളവിൽ ബോട്ടുകളുടെ അറ്റകുറ്റപ്പണികളും തീർത്തു. ട്രോളിംഗ് കാലയളവിൽ ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും അടച്ചുപൂട്ടിയ ഡീസൽ ബങ്കുകളെല്ലാം തുറന്നു. ട്രോളിംഗ് കാലയളവിൽ ഉറങ്ങി പോയ ഹാർബറുകളും , ലാൻഡിംഗ് സെന്ററുകളും വീണ്ടും സജീവമായി. പള്ളിപ്പുറം, മുനമ്പം, മാല്യങ്കര യാർഡുകളിൽ ഉണ്ടായിരുന്ന ബോട്ടുകൾ പുഴയിലേക്കിറക്കി ട്രയൽ റൺ നടത്തിയിരുന്നു. ഈ ഭാഗങ്ങളിൽ അറുനൂറിലേറെ ബോട്ടുകളാണ് കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത്. കഴിഞ്ഞ ജൂൺ 10നാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചത്. അധികാരികൾ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചതിനാൽ ഇത്തവണ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ട്രോളിംഗ് നിരോധന കാലയളവ് ശാന്തമായി അവസാനിച്ചു.
ചെമ്മീൻ കോളിൽ ആദ്യ പ്രതീക്ഷ
ഇത്തവണ നല്ല ചെമ്മീൻ കോളാണ് ആദ്യ പ്രതീക്ഷ. കിളി മീനിലും പ്രതീക്ഷയുണ്ട്. കിളിമീൻ, കുന്തൽ,ചെമ്മീൻ, ചൂര തുടങ്ങിയ മത്സ്യ ഇനങ്ങൾ വലിയ തോതിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. നല്ല മത്സ്യ കൊയ്ത്തുണ്ടായാൽ തീരദേശമാകെ ഉണരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |