
അമ്പലപ്പുഴ: മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം.എൽ.എ ജി.സുധാകരൻ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ യോഗം ജില്ലാകളക്ടർ ഷാജി വി.നായർ ഉദ്ഘാടനം ചെയ്തു. എ.ഡി.എം പ്രേംജി.സി സ്വാഗതം പറഞ്ഞ യോഗത്തിൽ ജി.സുധാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
2025ൽ 10 കോടി രൂപ അനുവദിച്ചിട്ടുള്ള മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണം ഇതുവരെ ആരംഭിക്കാൻ കഴിയാത്തത്, നിലവിൽ അവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ മറ്റൊരു സ്ഥലം കണ്ടെത്തി മാറ്റാൻ കഴിയാത്തതാണ്. മുഴുവൻ ഓഫീസുകളും വാടകകെട്ടിടത്തിലേക്ക് മാറിയാൽ മാത്രമേ കെട്ടിടം പൊളിച്ചു സൈറ്റ് ക്ലിയറൻസ് നടത്താൻ കഴിയൂവെന്ന് പി. ഡബ്ല്യു.ഡി ബിൽഡിംഗ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.
നിലവിലെ പ്ലാൻ പ്രകാരം പാർക്കിംഗ് സംവിധാനം ഇല്ലാത്തത് ഭാവിയിൽ ദോഷകരമാകുമെന്നും അണ്ടർഗ്രൗണ്ട് പാർക്കിംഗ് സംവിധാനമുള്ള നാലു നില മന്ദിരത്തിൽ 17 ഓളം വകുപ്പുകളുടെ ഓഫീസുകൾക്ക് പ്രവർത്തിക്കാൻകഴിയുമെന്നും അമ്പലപ്പുഴയുടെ മുഖച്ഛായ മാറുന്ന നാഴികല്ലായി മിനി സിവിൽ സ്റ്റേഷൻ കെട്ടിടം മാറുമെന്നും ജി.സുധാകരൻ എം.എൽ.എ പറഞ്ഞു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനീഷ് എം. പുറക്കാട്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.ആർ. കണ്ണൻ, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത.കെ എന്നിവരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും അമ്പലപ്പുഴ കോറൽ ഹൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
തീരുമാനങ്ങൾ
# ഏകദേശം 27 കോടി രൂപയുടെ എസ്റ്റിമേറ്റാണ് വേണ്ടിവരിക. ഇപ്പോൾ പത്തു കോടി രൂപയാണ് ബഡ്ജറ്റിൽ മാറ്റിവച്ചിരിക്കുന്നത്.
# അതിനാൽ പുതിയ അനുമതികൾ വാങ്ങാനാവശ്യമായ നടപടികൾ ആരംഭിക്കും
# അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് ഓടുകൂടി നാലു നില കെട്ടിട്ടം റീ ഡിസൈൻ ചെയ്യണം. പുതിയ മാതൃകയിലുള്ള പ്ലാനിന് അംഗീകാരം തേടണം
# സി .ആർ. ഇസഡ് ക്ലിയറൻസ് ജില്ലാ കളക്ടർ നേടിയെടുക്കണം
# ഒരു മാസത്തിനുള്ളിൽ ഓഫീസുകൾ പുതിയ കെട്ടിടം കണ്ടെത്തി അതിലേക്ക് മാറണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |