
ആലപ്പുഴ: നഗരത്തിലെ അനധികൃത കച്ചവടങ്ങൾക്ക് പൂട്ടിടാനൊരുങ്ങി നഗരസഭ. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതും
റോഡിലേക്ക് ഇറങ്ങിയുള്ളതുമായ എല്ലാ കച്ചവടക്കാരും അടിയന്തരമായി ഒഴിയണമെന്ന് നഗരസഭ നിർദ്ദേശം നൽകി. നഗരത്തിൽ എല്ലാ കേന്ദ്രങ്ങളിലും തട്ടുകടകളും, പഴം, പച്ചക്കറികൾ, മീൻ തട്ട് എന്നിവ സ്ഥാപിച്ച് പലരും കച്ചവടം നടത്തുന്നുണ്ട്. ഇവർ അഞ്ചിന് മുമ്പായി ഒഴിയണമെന്നാണ് നിർദ്ദേശം. അല്ലാത്തപക്ഷം പൊലീസിന്റെ സഹായത്തെടെ ഇവരെ ഒഴിപ്പിക്കയും വില്പനയ്ക്ക് എത്തിച്ചിരിക്കുന്ന സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും.
പെട്ടി വണ്ടികളിലും മറ്റുമായി റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങളും നഗരത്തിൽ വ്യാപകമാണ്. ഇതുകാരണം നിരവധി അപകടങ്ങളും നഗരത്തിലുണ്ടായിട്ടുണ്ട്. പഴവീട്ടിൽ ബജ്ജിക്കടയ്ക്ക് മുമ്പിൽ നിന്നയാൾ വാഹനമിടിച്ച് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരസഭ നടപടിയുമായി മുന്നോട്ടുപോകുന്നത്. കണ്ണംവർക്കി പാലത്തിന് സമീപം പൊതുസ്ഥലത്ത് ടെന്റ് കെട്ടി ഹോട്ടൽ നടത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നഗരസഭ അധികൃതർ പറഞ്ഞു. നഗരത്തിൽ മുല്ലക്കൽ, വഴിച്ചേരി, പഴവീട്, കല്ലുപാലം എന്നിവിടങ്ങളിലാണ് അനധികൃത കച്ചവടക്കാർ കൂടുതലായുള്ളത്. നഗരത്തിലെ പ്രധാന തുണിക്കടകൾക്ക് മുമ്പിലും മറ്റുമായി നിരവധി കച്ചവടക്കാർ പ്രവർത്തിക്കുന്നുണ്ട്. ഇവർ ഇവിടെ അനധികൃതമായി കച്ചവടം ചെയ്യുന്നതിനാൽ വലിയ ഗതാഗത ക്കുരുക്കിന് ഇടയാക്കുന്നുണ്ട്. വലിയ അപകട ഭീഷണിയും ഇവർ ഉയർത്തുന്നുണ്ട്.
അഞ്ചിന് മുമ്പ് ഒഴിയണം
നഗരത്തിൽ 1000ൽ അധികം അനധികൃത വഴിയോരക്കച്ചവടക്കാരാണ് പ്രവർത്തിക്കുന്നത്
ഇവർ അംഗീകൃത കച്ചവടക്കാർക്കും യാത്രക്കാർക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്
ഓണം സീസൺ കൂടി എത്തിയതോടെ കച്ചവടക്കാർ ഇനിയും കൂടാനാണ് സാദ്ധ്യത
അനധികൃത കച്ചവടക്കാർ ദിനംപ്രതി കൂടിവരികയാണ്. ഇവർ കാരണം വലിയ അപകടഭീഷണി നിലനിൽക്കുന്നുണ്ട്. ഇവർ ഒഴിഞ്ഞില്ലങ്കിൽ നഗരസഭ നിയമനടപടിയുമായി മുന്നോട്ടുപോകും
-സി. ജ്യോതിമോൾ,
ചെയർപേഴ്സൺ,
മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |