SignIn
Kerala Kaumudi Online
Sunday, 02 August 2026 1.17 AM IST

അടിച്ചുകയറി തിരമാലകൾ, കാട്ടിൽമേക്കതിൽ അടിയന്തര കടൽഭിത്തി നിർമ്മാണം കടലാസിൽ!

ചവറ: മൺസൂൺ കാല കടലാക്രമണത്തെ ചെറുക്കാൻ സീവാൾ (കടൽഭിത്തി) നിർമ്മാണം അടിയന്തിരമായി ആരംഭിക്കാൻ ജില്ലാ കളക്ടർ നേരിട്ടെത്തി നിർദ്ദേശം നൽകിയിട്ടും അധികൃതർ മെല്ലെപ്പോക്ക് സമീപനം തുടരുന്നു. ദിനംപ്രതി ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറകിലെ കടൽത്തീരത്താണ് ശക്തമായ കടലാക്രമണം തുടരുന്നത്.

 പാറകൾ ഒലിച്ചുപോയി

നേരത്തെയുണ്ടായ ശക്തമായ തിരമാലകളിൽ ഇവിടുത്തെ പാറകൾ ഒലിച്ചുപോയിരുന്നു. തുടർന്ന് ക്ഷേത്ര ഭരണസമിതി ഇടപെട്ട് വലിയ ചാക്കുകളിൽ മണ്ണ് നിറച്ച് അടുക്കിയാണ് കടലാക്രമണത്തെ നേരിട്ടത്. എന്നാൽ മൺസൂൺ കനത്തതോടെ തിരമാലകൾ സമീപവശങ്ങളിലേക്ക് അടിച്ചുകയറാൻ തുടങ്ങി. നിലവിൽ ജെ.സി.ബി ഉപയോഗിച്ച് ഉയർന്ന രീതിയിൽ മണ്ണുകൂട്ടിയാണ് വെള്ളം തടഞ്ഞിരിക്കുന്നത്. ഈ മൺതിട്ട കൂടി ഒലിച്ചുപോയാൽ ക്ഷേത്രവും പരിസരവും വീണ്ടും വലിയ അപകടാവസ്ഥയിലാകും.

 കളക്ടറുടെ സന്ദർശനവും നിർദ്ദേശവും

ക്ഷേത്ര ട്രസ്റ്റ് ഭരണസമിതിയുടെ നിരന്തര ഇടപെടലുകളെ തുടർന്ന് കഴിഞ്ഞ ജൂലായ് 8-നാണ് ജില്ലാ കളക്ടർ അനി ജൂല തോമസ് സ്ഥലം നേരിട്ട് സന്ദർശിച്ചത്. സ്ഥിതിഗതികൾ നേരിട്ട് ബോദ്ധ്യപ്പെട്ട കളക്ടർ, 'അടിയന്തര മൺസൂൺ കൺസെഷൻ' എന്ന നിലയിൽ സീവാൾ നിർമ്മാണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇതിനായി കെ.എം.എം.എല്ലിലെ പ്രത്യേക ഫണ്ടിൽ നിന്ന് തുക ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് ഡെപ്പോസിറ്റ് ചെയ്യാനും, ഇറിഗേഷൻ വകുപ്പ് വഴി അടിയന്തരമായി നിർമ്മാണം നടത്താനുമായിരുന്നു നിർദ്ദേശം.

 ഉറപ്പുനൽകിയിട്ടും നടപടിയില്ല

കളക്ടറോടൊപ്പം സബ് കളക്ടർ അഖിൽ വി. മേനോൻ, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥൻ പ്രേം, മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഹരിറാം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അഹല്യ, അസിസ്റ്റന്റ് എൻജിനീയർ വിൽസൺ, കെ.എം.എം.എൽ ഉദ്യോഗസ്ഥരായ വിജയകുമാർ, കാർത്തികേയൻ, തഹസീൽദാർ, റവന്യൂ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL