
തൃശൂർ: ഡി.വൈ.എഫ്.ഐ 16-ാം സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പ്രവർത്തന റിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലും ഊന്നിയുള്ള പൊതുചർച്ച പൂർത്തിയായി. ആറ് മണിക്കൂറോളം നീണ്ട ചർച്ച വൈകിട്ടോടെ അവസാനിച്ചതിന് പിന്നാലെ അഖിലേന്ത്യാ സെക്രട്ടറി എ.എ. റഹീം എം.പി. പ്രതിനിധികൾ ഉന്നയിച്ച കാര്യങ്ങൾക്ക് രാത്രി മറുപടി നൽകി. സംഘടനയെ കൂടുതൽ നവീകരിക്കുന്നതിനും കഴിഞ്ഞകാല പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനുമുള്ള നിർദേശങ്ങൾ ജനാധിപത്യപരമായ ചർച്ചയിലൂടെ ഉയർന്നുവന്നതായി നേതാക്കളായ വി.കെ. സനോജും വസീഫും പറഞ്ഞു. ഹൃദ്രോഗവും ഹൃദയാഘാതവും മൂലം ചെറുപ്പക്കാരുടെ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, അടിയന്തര പ്രാഥമിക ചികിത്സയായ സി.പി.ആർ നൽകാൻ സന്നദ്ധപ്രവർത്തകരെ സജ്ജരാക്കുന്ന പദ്ധതിക്ക് ഡി.വൈ.എഫ്.ഐ തുടക്കമിടും. കേരളത്തിലുടനീളം യൂത്ത് ബ്രിഗേഡിന്റെ ഭാഗമായി ഒരു ലക്ഷം യുവതീയുവാക്കൾക്ക് പരിശീലനം നൽകി വളണ്ടിയർമാരാക്കും. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും സമ്മേളന വേദിയിൽ നടക്കും.
ഇന്ന് വൈകിട്ട് അഞ്ചിന് അരണാട്ടുകര നേതാജി ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി ഉച്ചയ്ക്ക് മൂന്നിന് പ്രതിനിധികളുടെയും യൂത്ത് ബ്രിഗേഡിന്റെയും റാലി നടക്കും. പൊതുസമ്മേളനത്തിൽ അഖിലേന്ത്യാ നേതാക്കളായ എ.എ. റഹീം എം.പി., ഹിമാഘ്‌നരാജ് ഭട്ടാചാര്യ, ഐഷെ ഘോഷ് എന്നിവർ സംസാരിക്കും.
ഇന്നലെ വൈകിട്ട് നടന്ന രക്തസാക്ഷി കുടുംബസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കവി മുരുകൻ കാട്ടാക്കട പങ്കെടുത്ത സംഗമത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സുവനീർ ജയരാജ് വാര്യർ പ്രകാശനം ചെയ്തു.
നാടക വിവാദത്തിൽ നിയമനടപടിയിലേക്ക്
അടിയന്തരാവസ്ഥക്കാലത്ത് കലാകാരിയായ സ്‌നേഹലത റെഡ്ഡി നേരിട്ട പ്രശ്‌നങ്ങളും പോരാട്ടങ്ങളും പ്രതിപാദിക്കുന്ന 'മിസ' എന്ന നാടകത്തെ വികലമായി ചിത്രീകരിച്ച് കോൺഗ്രസിന്റെയും ലീഗിന്റെയും സംഘപരിവാറിന്റെയും സോഷ്യൽ മീഡിയ ഹാൻഡിലുകൾ പ്രചാരണം നടത്തുകയാണെന്ന് വി.കെ. സനോജും വസീഫും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |