തൃശൂർ: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും പനി വ്യാപകമാകുന്നു. സാധാരണ വൈറൽ പനി മുതൽ ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്‌ളുവൻസ, മലേറിയ, മഞ്ഞപ്പിത്തം, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കയുയർത്തുന്നുണ്ട്. ആശുപത്രികളിൽ പനിബാധിതരുടെ തിരക്ക് വർധിച്ചു. കാലാവസ്ഥയിലുണ്ടായ വേഗത്തിലുള്ള മാറ്റവും പകർച്ചയുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിൽ ആറായിരത്തോളം പേരാണ് പനിബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 70 പേർക്ക് ദിവസങ്ങളോളം കിടത്തി ചികിത്സ ആവശ്യമായി വന്നു. സർക്കാർ ആശുപത്രികളിലെ കണക്കുകൾ മാത്രമാണിത്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ പനിബാധിതരുടെ വ്യാപ്തി ഇതിലും കൂടും.
ഡെങ്കിപ്പനി 102 പേർക്ക്
ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കുന്നത് ഡെങ്കിപ്പനിയാണ്. ഒരാഴ്ചയ്ക്കിടെ 102 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 52 പേർ കിടത്തി ചികിത്സയിലാണ്. മറ്റത്തൂർ, തളിക്കുളം, തൃശൂർ കോർപറേഷൻ, ചാലക്കുടി, നടത്തറ, ആളൂർ, കോടശേരി, നെന്മണിക്കര, മേലൂർ, വരന്തരപ്പള്ളി എന്നിവിടങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എലിപ്പനിയും പടരുന്നു
ഏഴ് ദിവസത്തിനിടെ ഏഴ് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എടത്തുരുത്തി, മാള, കൽപ്പറമ്പ്, വെൺകിടങ്ങ്, എറിയാട്, കൊടുങ്ങല്ലൂർ, പറപ്പൂക്കര എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്.
മലേറിയയും മഞ്ഞപ്പിത്തവും
ഇതിനിടെ ജില്ലയിൽ നാല് പേർക്ക് വീതം മഞ്ഞപ്പിത്തവും മലേറിയയും സ്ഥിരീകരിച്ചു. നെന്മണിക്കര, അവനൂർ, തൃശൂർ കോർപറേഷൻ, മുള്ളൂർക്കര എന്നിവിടങ്ങളിലാണ് മലേറിയ റിപ്പോർട്ട് ചെയ്തത്.
ഇൻഫ്‌ളുവൻസ 120 പേർക്ക് സ്ഥിരീകരിച്ചപ്പോൾ വയറിളക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് 1217 പേരാണ് ചികിത്സ തേടിയത്. എരുമപ്പെട്ടി, പാഞ്ഞാൾ സ്വദേശികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതും കഴിഞ്ഞ ആഴ്ചയിലാണ്.
പനി ബാധിത പ്രദേശങ്ങൾ
എലിപ്പനി: എടത്തുരുത്തി, മാള, കൽപ്പറമ്പ്, വെൺകിടങ്ങ്, എറിയാട്, കൊടുങ്ങല്ലൂർ, പറപ്പൂക്കര
ഡെങ്കിപ്പനി: മറ്റത്തൂർ, തളിക്കുളം, തൃശൂർ കോർപ്പറേഷൻ, ചാലക്കുടി, നടത്തറ, ആളൂർ, കോടശേരി, നെൻമണിക്കര, മേലൂർ, വരന്തരപ്പള്ളി
മലേറിയ: നെൻമണിക്കര, അവനൂർ, തൃശൂർ കോർപ്പറേഷൻ, മുള്ളൂർക്കര
ഷിഗെല്ല: എരുമപ്പെട്ടി, പാഞ്ഞാൾ
ജാഗ്രത വേണം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രോഗങ്ങൾ ഒരേസമയം റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പനി, വിറയൽ, ശരീരവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാതെ ചികിത്സ തേടണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദ്ദേശം. പ്രത്യേകിച്ച് മഴക്കാലത്ത് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുകയും മലിനജലവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുകയും ചെയ്യുന്നത് രോഗപ്രതിരോധത്തിന് നിർണായകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |