തൃശൂർ: ഒറ്റ ദിവസം പി.എസ്.സി വഴി 47 ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിച്ച് കോർപറേഷൻ വൈദ്യുതി വിഭാഗം. വൈദ്യുതി വിതരണം ചെയ്യുന്ന രാജ്യത്തെ ഏക തദ്ദേശ സ്ഥാപനമായ തൃശൂർ കോർപറേഷന്റെ വൈദ്യുതി വിഭാഗത്തിൽ വർക്കർ തസ്തികയിലേക്കാണ് ചരിത്ര നിയമനം.
കാലങ്ങളായി താത്കാലിക, ദിവസവേതന ജീവനക്കാരെ ആശ്രയിച്ചായിരുന്നു വൈദ്യുതി വിഭാഗത്തിന്റെ പ്രവർത്തനം. പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ മേയർ ഡോ. നിജി ജസ്റ്റിന്റെയും ഡെപ്യൂട്ടി മേയർ എ. പ്രസാദിന്റെയും ഇടപെടലിലാണ് നിയമന നടപടികൾ വേഗത്തിലായത്.
കഴിഞ്ഞ നവംബർ 21ന് ആണ് പരീക്ഷ നടത്തിയത്. മേയ് 21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പിന്നാലെ 12 ദിവസത്തിനകം ഉദ്യോഗാർത്ഥികൾക്ക് അഡൈ്വസ് മെമോയും ലഭിച്ചു. 50 പേരുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 47 പേരാണ് ഇന്നലെ ജോലിയിൽ പ്രവേശിച്ചത്.
പുതിയ ജീവനക്കാരെ അഭിനന്ദിച്ച് കോർപറേഷനിൽ ചേർന്ന അനുമോദന യോഗം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എ. പ്രസാദ് അദ്ധ്യക്ഷനായി. പൊതുമരാമത്ത് ചെയർമാൻ ടി.ആർ. സന്തോഷ് ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജേക്കബ് പുലിക്കോട്ടിൽ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. വില്ലി ജിജോ, വത്സല ബാബുരാജ്, സുനിത വിനു, കെ. സുമേഷ് എന്നിവർ പങ്കെടുത്തു.
കോർപറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും ശക്തമായ ഇടപെടലിനെ തുടർന്നാണ് നിയമനം നടത്താൻ സാധിച്ചത്.
( എ.പ്രസാദ്, ഡെപ്യൂട്ടി മേയർ)
കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ വർക്കർ തസ്തികയിലേക്കാണ് നിയമനം എന്നത് ഏറെ അഭിമാനകരമാണ്
(ഡോ.നിജി ജസ്റ്റിൻ, മേയർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |