SignIn
Kerala Kaumudi Online
Monday, 14 September 2026 2.25 AM IST

ഇടത് പ്രസ്ഥാനങ്ങൾക്ക് കരുത്ത് പകർന്ന നേതാവ് മർദനമേറ്റ് തളർന്നില്ല; സമരവഴി വിട്ടില്ല

photo

തൃശൂർ: കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് പൊലീസ് മർദനം, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം. പിന്നെ തൃശൂരിലെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി പദവിയിലേക്ക്. പോരാട്ടങ്ങൾ നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിനാണ് ബേബി ജോണിന്റെ വിയോഗത്തോടെ തിരശ്ശീല വീണത്. പതിറ്റാണ്ടുകളോളം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കരുത്തുപകർന്ന നേതാവായിരുന്നു സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ. തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പി.വി.എം.എൽ.പി. സ്‌കൂളിൽ 1971 മുതൽ അദ്ധ്യാപകനായിരുന്നു. പൊലീസ് നടപടികളെ തുടർന്ന് ഒന്നര വർഷത്തോളം സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. 1991ൽ സർവീസിൽനിന്ന് സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ബീഡി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ എന്നിവരുടെ അവകാശപ്പോരാട്ടങ്ങൾക്ക് എന്നും മുൻപന്തിയിലുണ്ടായിരുന്ന അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു. സി.ഐ.ടി.യുവിന്റെ ഏരിയ സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ള ചുമതലകൾ വഹിച്ചു. ബീഡി തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന ഫെഡറേഷൻ ഭാരവാഹി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, യൂണിയന്റെ സ്റ്റേറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, തൃശൂർ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1971ലാണ് പാർട്ടി അംഗമായത്.

പദവിയിലേക്ക്

  • പാലുവായ് ബ്രാഞ്ച് സെക്രട്ടറി
  • തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി
  • 1984 മുതൽ 1997 വരെ ചാവക്കാട് ഏരിയ സെക്രട്ടറി
  • 1986ൽ ജില്ലാ കമ്മിറ്റിയംഗം
  • 1997 മുതൽ ജില്ലാ സെക്രട്ടറിയറ്റംഗം
  • സംസ്ഥാന കമ്മിറ്റി അംഗം
  • സെക്രട്ടറിയേറ്റ് അംഗം
  • 2006 ൽ സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി


പോരാട്ട വീര്യം

പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ പ്രായാധിക്യം മറന്ന് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് കൊടിയ പൊലീസ് മർദനമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ഡി.ഐ.ആർ. പ്രകാരം രണ്ടുതവണ അറസ്റ്റിലായി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ ജനവിധി തേടി. ചാവക്കാട് നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL