SignIn
Kerala Kaumudi Online
Monday, 14 September 2026 2.24 AM IST

ക്ഷീരകർഷകന് സബ്സിഡിയിൽ ആശ്വാസം വീട്ടുപടിക്കൽ കാലിത്തീറ്റ!

theetaa
തീറ്റപുല്ല് ഇറക്കുന്നു

തൃശൂർ : വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന ക്ഷീരകർഷകർക്ക് സബ്‌സിഡി നിരക്കിൽ വൈക്കോലും പുല്ലും കാലിത്തീറ്റയും വീട്ടുമുറ്റത്തെത്തിച്ച് ക്ഷീരസംഘങ്ങൾ. ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും ഗുണമേന്മയുള്ള പരുഷാഹാരം കർഷകർക്ക് ഉറപ്പാക്കുന്നതിനുമാണ് പദ്ധതി. വൈക്കോലിനും മറ്റ് തീറ്റകൾക്കും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിൽ കൂടുതൽ സംഘങ്ങളെ ഉൾപ്പെടുത്തി ക്ഷീരവികസന വകുപ്പും മിൽമയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് തല ക്ഷീരവികസന ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. കർഷകർക്ക് ആവശ്യമായ വൈക്കോൽ, തീറ്റപ്പുൽ, സൈലേജ് (ചോളത്തീറ്റ) കാലിത്തീറ്റ എന്നിവ ക്ഷീര സംഘങ്ങളിലേക്ക് എത്തിക്കും. പല ക്ഷീരസംഘങ്ങളും വീടുകളിലെത്തിച്ച് നൽകുന്നുണ്ട്.
പ്രതിവർഷം ഒരു കർഷകന് പരമാവധി 5,000 രൂപയുടെ സബ്‌സിഡി ലഭിക്കും. ഇവ വാങ്ങുന്നതിനായി ഓരോ ക്ഷീരസംഘത്തിനും പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. സംഘം വഴി സ്ഥിരമായി പാൽ അളക്കുന്ന കർഷകർക്കാണ് ആനുകൂല്യം. വൈക്കോൽ, പുല്ല്, ചോളം എന്നിവയ്ക്ക് കിലോയ്ക്ക് മൂന്ന് രൂപയും തീറ്റ ഉൾപ്പെടെയുള്ളവയ്ക്ക് കിലോയ്ക്ക് നാല് രൂപയുമാണ് സബ്‌സിഡി. ജില്ലയിലെ 17 ബ്ലോക്കുകളിലായി ശരാശരി 10 മുതൽ 12 വരെ ക്ഷീരസംഘങ്ങളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പദ്ധതിക്ക് തുടക്കമായത്.


കർഷകനും 'സാന്ത്വനം'

ഉരുക്കൾക്കൊപ്പം കർഷകർക്കും സംരക്ഷണമൊരുക്കുന്ന ക്ഷീര സാന്ത്വനം ഇൻഷ്വറൻസ് പദ്ധതിയും ആശ്വാസമാകുന്നു. സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ പതിനായിരത്തിലധികം രൂപ പ്രീമിയം ഈടാക്കുമ്പോൾ ക്ഷീരവികസന വകുപ്പ് വഴി ഏകദേശം 6,000 രൂപയ്ക്കാണ് കർഷകർക്ക് ഇൻഷ്വറൻസ് ലഭിക്കുന്നത്.

ആനുകൂല്യം എങ്ങനെ നേടാം?

പ്രദേശത്തെ ക്ഷീരസംഘം പ്രസിഡന്റ്/സെക്രട്ടറിയുമായി ബന്ധപ്പെട്ട് സബ്‌സിഡി നിരക്കിലുള്ള പച്ചപ്പുല്ല്, വൈക്കോൽ, സൈലേജ് എന്നിവയ്ക്കായി രജിസ്റ്റർ ചെയ്യാം. കൃഷിയുമായി ബന്ധപ്പെട്ട സബ്‌സിഡികൾക്കായി കേരള സർക്കാരിന്റെ ഔദ്യോഗിക ക്ഷീരകർഷക പോർട്ടലായ ക്ഷീരശ്രീ വഴി ഓൺലൈനായി അപേക്ഷിക്കാം.

പാലിനും വിലയുണ്ട്


ക്ഷീരസംഘങ്ങൾ വഴി കർഷകർക്ക് ലഭിക്കുന്ന പാലിന്റെ വില ഗുണമേന്മ അനുസരിച്ച് ലിറ്ററിന് 42 മുതൽ 56 രൂപ വരെ.


വൈക്കോലും പുല്ലും തീറ്റയും സംഘങ്ങൾ വഴി ക്ഷീരകർഷകർക്ക് ലഭിക്കുന്ന പദ്ധതിയിൽ നിരവധി പേർ അംഗങ്ങളായി ചേരുന്നുണ്ട്.'

- എ. സുരേഷ് കുമാർ, ബ്ലോക്ക് ക്ഷീരവികസന വകുപ്പ് ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL