വരവൂർ: രുചിയിലും വലിപ്പത്തിലും വേറിട്ടുനിൽക്കുന്ന വരവൂരിന്റെ സ്വന്തം 'ഗോൾഡ്' വിപണിയിലെ താരമാകാൻ ഒരുങ്ങുന്നു. വരവൂരിലെ വിവിധ പാടശേഖരങ്ങളിലായി സ്വകാര്യ വ്യക്തികൾ ഉൾപ്പെടെ മുന്നൂറോളം ഏക്കറിലാണ് കൂർക്ക കൃഷി ചെയ്യുന്നത്. ഇതിലൂടെ ഏകദേശം 12 കോടി രൂപയുടെ വിറ്റുവരവാണ് ലഭിക്കുന്നത്. ലോകശ്രദ്ധ നേടിയ 'വരവൂർ ഗോൾഡ്' നേരത്തേ വിളവെത്തുന്നതിനാലും മികച്ച വില ലഭിക്കുന്നതിനാലും ആവശ്യക്കാരും ഏറെയാണ്. 27 ജെ.എൽ.ജി. ഗ്രൂപ്പുകൾ 68 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കിയത്. കുടുംബശ്രീക്ക് പുറമെ നിരവധി പ്രാദേശിക കർഷകരും കൃഷിയിൽ സജീവമാണ്. വരവൂർ ഗോൾഡിന് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ വിപണികളിലും ആവശ്യക്കാരുണ്ട്. മറ്റു പ്രദേശങ്ങളിലെ കൂർക്ക വിളവെടുക്കുന്നതിന് ഏകദേശം മൂന്ന് മാസം മുമ്പുതന്നെ വരവൂർ ഗോൾഡ് വിപണിയിലെത്തും.ഇതിനാൽ മികച്ച വിലയും ലഭിക്കും.
2.24 കോടി വിറ്റുവരവ്
കുടുംബശ്രീയുടെ നേതൃത്വത്തിൽ മാത്രം കഴിഞ്ഞ വർഷം കൂർക്ക കൃഷിയിലൂടെ 2.24 കോടി രൂപയുടെ വിറ്റുവരവ് നേടി. കുടുംബശ്രീയിലെ 120ഓളം തൊഴിലാളികൾക്ക് ഇത് ഉപജീവനമാർഗവുമാണ്. ജെ.എൽ.ജി. ഗ്രൂപ്പുകൾക്ക് 3.74 ലക്ഷം രൂപ ഇൻസെന്റീവായും 2.05 ലക്ഷം രൂപ ഇന്റർ സബ്‌സിഡിയായും ലഭിക്കും. കുമരപ്പനാൽ, തളി, പിലാക്കാട്, നായരങ്ങാടി, പാലക്കൽ, ചെമ്പൻപടി, കാഞ്ഞിരശ്ശേരി, കമ്മുള്ളിമുക്ക്, തൈക്കുളം, നട്ടത്തറ തുടങ്ങിയ പാടശേഖരങ്ങളിലാണ് കൃഷിയിറക്കിയത്.
വിളവെടുപ്പിലും ആഘോഷച്ചൂട്
വരവൂർ നടുത്തറ പാടശേഖരത്തിൽ ആവേശത്തോടെയാണ് കൂർക്ക വിളവെടുപ്പ് ഉത്സവം നടന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ സി.ആർ. ഗീത അദ്ധ്യക്ഷയായി. നിള ജെ.എൽ.ജി. ഗ്രൂപ്പിന്റെ കൂർക്കയാണ് വിളവെടുത്തത്. പഞ്ചായത്ത് സെക്രട്ടറി എം.കെ. ആൽഫ്രഡ്, ഡി.പി.എം. കെ.എൻ. ദീപ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ സി.വി. ഗ്രീഷ്മ, എ.ആർ. ഗ്രീഷ്മ, അഗ്രി സി.ആർ.പി. റുക്കിയ, കെ.ഡി. ജയ എന്നിവർ സംസാരിച്ചു. കുടുംബശ്രീ മിഷൻ, വരവൂർ പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. വരവൂർ കുടുംബശ്രീ സി.ഡി.എസ്. ഇതിനകം നിരവധി തവണ ജില്ലാ, സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |