
തൃശൂർ: ജില്ലയിലെ ദേശീയപാത 66, 544 എന്നിവയുടെ നിർമ്മാണപുരോഗതിയും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രി ഒ.ജെ.ജനീഷിന്റെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. കൈപ്പമംഗലം അപകടപശ്ചാത്തലത്തിൽ നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിലെ പോരായ്മകൾ ഒരു മാസത്തിനകം പരിഹരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിൽ ദേശീയപാത അതോറിട്ടി പ്രൊജക്ട് ഡയറക്ടർമാർ ഉറപ്പ് നൽകി. ദേശീയപാതയിലെ വെള്ളക്കെട്ടും ഡ്രെയിനേജ് പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, സെക്രട്ടറിമാർ, എൻ.എച്ച്.എ.ഐ പ്രതിനിധികൾ എന്നിവർ സംയുക്ത പരിശോധന നടത്തി എസ്റ്റിമേറ്റ് സമർപ്പിക്കണം. പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പോലീസ്, എൻ.എച്ച്.എ.ഐ, ജില്ലാ കളക്ടർ എന്നിവരുടെ പ്രതിനിധികളടങ്ങുന്ന സംഘം നേരിട്ടെത്തി പരിശോധന നടത്തും.ദേശീയപാത 66ൽ അനുവദിച്ച 10ഫുട്ട് ഓവർബ്രിഡ്ജുകളിൽ വടനാപ്പള്ളി,തളിക്കുളം എന്നിവിടങ്ങളിൽ നിർമ്മാണം പൂർത്തിയായി. വലപ്പാട്,ഏങ്ങണ്ടിയൂർ,എടക്കഴിയൂർ എന്നിവിടങ്ങളിലെ നിർമ്മാണം ഒക്ടോബർ 15, 2024നകം പൂർത്തിയാക്കും. ഹെവി വാഹനങ്ങളുടെ പാർക്കിംഗിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ റവന്യു, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എൻ.എച്ച്.എ.ഐ സംഘം ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തും.ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ സി.രവീന്ദ്രനാഥ്, കെ.കെ.വത്സരാജ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ്, റൂറൽ പൊലീസ് എസ്.പി. മുഹമ്മദ് നദീം, അസി.കളക്ടർ എ.സി.പ്രീതി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |