SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.19 AM IST

ദേശീയപാത 'സേഫല്ല'

s

 അപകടങ്ങളൊഴിയുന്നില്ല

നിറുത്തിയിട്ട തടി കയറ്റി വന്ന ലോറിയിലാണ് ടാങ്കർ ലോറി ഇടിച്ചത്

തൃശൂർ: ഒരാഴ്ച മുമ്പ് ദേശീയപാത 66ൽ കയ്പമംഗലത്ത് 8എൻജീനിയറിംഗ് വിദ്യാർത്ഥികൾ നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ കാറിടിച്ച് മരിച്ച സംഭവത്തിന്റെ ആഘാതം മാറും മുമ്പ് നാട്ടികയിലുണ്ടായ സമാന അപകടം അധികൃതരുടെ വീഴ്ച്ച തുറന്നു കാട്ടുന്നു. ഇന്നലെ പുലർച്ചെ നാട്ടിക സെന്ററിൽ രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം.
വടക്ക് ഭാഗത്തുനിന്നും എറണാകുളം ദിശയിൽ കേടുവന്ന് നിറുത്തിയിട്ടിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിയ്ക്കുകയായിരുന്നു. തകരാറിലായ തടി ലോറി സ്ഥലത്ത് നിന്ന് മാറ്റാനോ ആവശ്യമായ ദിശ ബോർഡുകൾ ലോറി തിരിച്ചറിയാൻ വെക്കാത്തതുമാണ് അപകടത്തിലേക്ക് വഴി വെച്ചതെന്നാണ് വിലയിരുത്തൽ. കയ്പമംഗലത്തെ അപകടത്തിനുശേഷം പൊലീസും മോട്ടോർ വാഹന വകുപ്പും നിരന്തരം പരിശോധനകളിലേക്ക് കടന്നെങ്കിലും ഇപ്പോൾ കർശനമല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നാട്ടിക അപകടത്തിൽ ലോറി ഡ്രൈവറെ ഫയർഫോഴ്‌സെത്തി ശ്രമകരമായാണ് പുറത്തെടുത്തത്. ടാങ്കർ ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി സിദ്ധീക്ക് (44) ന് കാലിന് ഗുരതര പരിക്കേറ്റിരുന്നു. കയ്പമംഗലം അപകടത്തിന് ശേഷം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലുകളെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപകടം ഇങ്ങനെ

ദേശീയപാത നാട്ടിക സെന്ററിൽ നിറുത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. ടാങ്കർ ലോറി ഡ്രൈവറായ കണ്ണൂർ സ്വദേശി സിദ്ദീഖിനാണ് (44) കാലിന് പരിക്കേറ്റത്. വടക്കുഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന തടി ലോറി കേടായതിനെ തുടർന്ന് റോഡരികിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനു പിന്നിലേക്ക് അതേ ദിശയിൽ വന്ന ടാങ്കർ ലോറി ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ​ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന ടാങ്കർ ലോറിയുടെ കാബിനുള്ളിൽ സിദ്ദീഖ് കുടുങ്ങിപ്പോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ പണിപ്പെട്ട് കാബിൻ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇരുട്ട് നിറഞ്ഞ് ദേശീയപാത

അപകടം നടന്ന നാട്ടികയിലടക്കം നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ പല ഭാഗങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. നിർമ്മാണം കഴിഞ്ഞ സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കാൻ ഇതുവരെയും തയ്യാറാട്ടില്ല. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് പോലും പ്രദേശത്ത് വെളിച്ചം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ ഭാഗത്തെ ടോൾ ബൂത്തിന് സമീപം മാത്രമാണ് ദേശീയപാത കരാർ കമ്പനി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL