SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.19 AM IST

 ഡി.സി.സി അദ്ധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷാജി കോടങ്കണ്ടത്ത്‌ തൃശൂർ കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം

d

തൃശൂർ: തൃശൂർ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത വീണ്ടും തെരുവിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ യു.ഡി.എഫ് തരംഗം അലയടിച്ചപ്പോഴും വേണ്ടത്ര മുന്നേറ്റമുണ്ടാക്കാൻ തൃശൂരിൽ കഴിഞ്ഞില്ലെന്നതിൽ നേതൃത്വത്തിനെതിരെ ആരോപണവുമായി നേതാക്കൾ. ഒല്ലൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഷാജി ജെ.കോടങ്കണ്ടത്താണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ദളിത് കോൺഗ്രസ് നേതാവ് സന്തോഷ് ഐത്താടൻ സൈബർ പൊലീസിൽ നൽകിയ പരാതിയാണ് പുതിയ വിവാദം. തിരഞ്ഞെടുപ്പിൽ ഷാജി കോടങ്കണ്ടത്തിന് അനുകൂലമായ പ്രചാരണം നടത്തിയ ഐ.എൻ.സി പുതുക്കാട്,കോടങ്കണ്ടത്ത് ഫോളോവേഴ്‌സ് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകളിലെ പോസ്റ്റിനെതിരെ സന്തോഷ് പരാതി നൽകിയിരുന്നു. ഇതിൽ ഷാജി കോടങ്കണ്ടത്തിനെതിരെ കേസെടുത്തതോടെയാണ് പരസ്യ പ്രതികരണവും രൂക്ഷ വിമർശനവും. 'ഡി.സി.സി അദ്ധ്യക്ഷനായ ജോസഫ് ടാജറ്റ് പാർട്ടിയെ ക്ഷയിപ്പിക്കുന്നു. തന്റെ തോൽവിക്ക് കാരണം ഡി.സി.സി പ്രസിഡന്റാണ്. സ്ഥാനം ദുരുപയോഗം ചെയ്ത് പണം പിരിച്ചു. നാട്ടികയിൽ ഉൾപ്പെടെ ഫണ്ട് വിതരണം സുതാര്യമായിരുന്നില്ല. സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോൾ തൃശൂരിൽ അർഹിച്ച വിജയമുണ്ടായില്ല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുന്നോട്ടുപോയാൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകും.'- എന്നാണ് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്റെ വിമർശനം. ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റിനെതിരെ 3പരാതികൾ കെ.പി.സി.സിക്ക് നൽകിയെങ്കിലും വിഭാഗീയത മാത്രമായി കണ്ട് നടപടികളെടുക്കുന്നില്ലെന്നും ഷാജി ആരോപിക്കുന്നു. ഷാജിയുടെ പരസ്യപ്രതികരണങ്ങൾക്കെതിരെ പ്രതികരിക്കാൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് തയ്യാറായിട്ടില്ല. ഷാജിക്കെതിരെ പരാതി നൽകിയത് മറ്റൊരാളാണെന്നും ഇക്കാര്യത്തിൽ ഡി.സി.സി പ്രസിഡന്റ് നേരിട്ട് ഇടപെട്ടിട്ടില്ലെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം.

 ലക്ഷ്യം പുനഃസംഘടന?

ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനം പുനഃസംഘടന ലക്ഷ്യമിട്ടാണെന്ന വിമർശനവും ഉയരുന്നുണ്ട്. മന്ത്രി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് പകരം നിയമനം വരുമ്പോൾ ജില്ലാ അദ്ധ്യക്ഷരെ മാറ്റുന്നതും ചർച്ചയായേക്കാം. പ്രകടനം മോശമെന്ന് കാണിച്ച് തൃശൂരിൽ നേതൃമാറ്റത്തിനാണ് ശ്രമിക്കുന്നതെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ കണക്കുകൂട്ടൽ.

 അശാന്തിയുടെ 2വർഷം

കെ.മുരളീധരന്റെ തോൽവിക്ക് ശേഷം കലുഷിതമാണ് ജില്ലയിലെ കോൺഗ്രസ്. ജോസ് വള്ളൂർ,ടി.എൻ. പ്രതാപൻ,എം.പി.വിൻസെന്റ് തുടങ്ങിയവരാണ് തോൽവിക്ക് കാരണമെന്നായിരുന്നു ആരോപണം. ഡി.സി.സി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിന് അന്ന് സ്ഥാനം ത്യജിക്കേണ്ടിവന്നു. പിന്നീട് ഏറെക്കാലം പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠനായിരുന്നു അദ്ധ്യക്ഷന്റെ താത്കാലിക ചുമതല. തുടർന്നാണ് ജോസഫ് ടാജറ്റ് വന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ നാട്ടികയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് അഡ്വ.ഷാജി ജെ.കോടങ്കണ്ടത്തിന്റെയും പരസ്യവിമർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL